‘ഇനി എന്നെ സിനിമയിൽ എടുക്കുവോടെ’; ഒരു കൊച്ചു ബാലനെ പോലെ കരഞ്ഞു മമ്മൂട്ടി മുകേഷിനോട് ചോദിച്ചു!
സിനിമയിലെന്ന പോലെ വേദികളിലും മുകേഷ് കഥകൾ പറഞ്ഞു ചിരി പടത്താറുണ്ട്. നിരവധി രസകരമായ പഴയകാല കഥകൾ പറഞ്ഞു പ്രേക്ഷകരെ കയ്യിലെടുക്കാൻ മുകേഷിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ. മലയാളത്തിന്‍റെ മഹാ നടൻ മമ്മൂട്ടിയുമായുള്ള ഒരു അനുഭവകഥ മുകേഷ് ഒരിക്കൽ വേദിയിൽ പറയുക ഉണ്ടായി. തന്‍റെ ആദ്യ ചിത്രം ബലൂണിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ഒരു പഴയകാല കഥ ആണ് മുകേഷ് പങ്കുവെച്ചത്.
പുത്തൂറിൽ ബലൂണിന്‍റെ ലൊക്കേഷനിൽ ഒരു ബുള്ളറ്റ് മോട്ടോർ ബൈക്ക് എത്തി. ഷൂട്ടിങ് ഇടവേളയിൽ മമ്മൂട്ടിയ്ക്ക് അതോടിക്കാൻ ഒരു താല്പര്യം. ബൈക്ക് ഓടിക്കാൻ മമ്മൂക്കയ്ക്ക് അറിയാമോ എന്ന് മുകേഷ് ബൈക്കിൽ കേറുന്നതിന് മുൻപ് ചോദിച്ചു. മമ്മൂട്ടി അപ്പോൾ പറഞ്ഞത് ഇങ്ങനെ: ‘മേള എന്ന സിനിമയിൽ ബൈക്ക് ഓടിക്കാൻ അറിയാവുന്നത് കൊണ്ട് മാത്രം ആണെടാ കെ ജി ജോർജ് എന്നെ കാസറ്റ് ചെയ്തത്. നിനക്ക് അറിയാമോ അത്രയ്ക്ക് മാത്രം ബൈക്കിൽ പ്രാവീണ്യം ഉള്ള ആളാ ഞാൻ’
പിന്നീടുള്ള സംഭവങ്ങൾ മുകേഷ് പറയുന്നത് ഇങ്ങനെ:
“അങ്ങനെ ഒരു ദിവസം ഷൂട്ടിങിന് ഇടയിൽ മമ്മൂക്ക ബൈക്ക് ഓടിക്കുന്നു. ഞാൻ പിറകിൽ ഇരിക്കുന്നു. ഒരു വളവ് കഴിഞ്ഞതും ബൈക്ക് മറിഞ്ഞു വീണു. അദ്ദേഹം മറ്റൊരു സ്ഥലത്തു. ഞാൻ മറ്റൊരു സ്ഥലത്തു. അപ്പോൾ ഞാൻ പ്രതീക്ഷിച്ചത് ഈ മൂത്ത ജ്യേഷ്ഠൻ എന്നെ വന്നു പിടിച്ചു എഴുന്നേല്പിക്കും, എന്നെ സ്വാന്തനപ്പെടുത്തും എന്നാണ്. പക്ഷെ..
ഞാൻ കണ്ടത് ഒരു കൊച്ചു കുട്ടിയെ പോലെ മമ്മൂക്ക അവിടെ നിന്ന് കരയുന്നത് ആണ്. മുഖത്തു ചോര പൊടിയുന്നുണ്ട്. എന്നിട്ട് അദ്ദേഹം പറഞ്ഞ ഡയലോഗ് ഇതാണ്: ‘ഇനിയെന്നെ സിനിമയിൽ എടുക്കുവോടാ. ഇനി എനിക്ക് സിനിമയിൽ അഭിനയിക്കാൻ പറ്റുവോടാ’
പില്‍ക്കാലത്ത് ഇദ്ദേഹത്തിന്‍റെ വളർച്ച കാണുമ്പോൾ, അട്ടഹസിക്കുന്ന ഇടിമുഴക്കം ഡയലോഗ് പറയുന്നത് കാണുമ്പോൾ, പണ്ട് പുത്തൂരിൽ ബൈക്കിൽ നിന്ന് വീണു കരഞ്ഞ ആ കൊച്ചു ബാലനെ ആണ് എനിക്ക് ഓർമ്മ വരുന്നത്. അത്ര നിഷ്‌കളങ്കതയിൽ നിന്നാണ് അദ്ദേഹം ഇവിടം വരെ എത്തിയത്.”
വേദിയിൽ നിന്ന് മുകേഷ് ഈ ഒരു പഴയകാല കഥ പറയുമ്പോൾ മമ്മൂട്ടി അത് ആസ്വദിക്കുക ആയിരുന്നു.
വീഡിയോ കാണാം: