പ്രൊഡക്ഷൻ ഹൗസ് ആയ ‘മമ്മൂട്ടി കമ്പനി’ ലോഗോ മാറ്റുന്നു; കാരണം ഇതാണ്…

നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങൾ നിർമ്മിച്ച് തിയേറ്ററുകളിൽ എത്തിച്ച് മികച്ച സിനിമാ അനുഭവം സമ്മാനിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി. കാതൽ ദി കോർ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങൾ ആണ് അടുത്തതായി മമ്മൂട്ടി കമ്പനി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. പ്രതീക്ഷകൾ നിറയ്ക്കുന്ന ചിത്രണങ്ങളുമായി മമ്മൂട്ടി കമ്പനി സജീവമായി മുന്നോട്ട് പോകാൻ ഒരുങ്ങുമ്പോൾ ലോഗോയ്ക്ക് റീ ബ്രാൻഡിംഗ് വരുത്താനുള്ള തീരുമാനം കൂടി എടുത്തിരിക്കുകയാണ്.
ഔദ്യോഗികമായി മമ്മൂട്ടി കമ്പനി അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ച കുറിപ്പിലൂടെ ലോഗോയുടെ റീ ബ്രാൻഡിംഗ് ഉടനെ ഉണ്ടാകും എന്ന് പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്. കോപ്പിയാണെന്ന ആരോപണത്തെ തുടർന്നാണ് ലോഗോ മാറ്റാൻ മമ്മൂട്ടി കമ്പനി തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ഭാഗത്ത് നിന്നുള്ള ജാഗ്രതക്കുറവ് ചൂണ്ടി കാണിച്ചവരോട് നന്ദി പറയാനും മമ്മൂട്ടി കമ്പനി മറന്നില്ല. കൂടുതൽ അപ്‌ഡേറ്റുകൾക്കായി സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക എന്നും കുറിപ്പിൽ പറയുന്നു.
ഡിസൈനർ കൂടിയായ ജോസ്മോൻ വാഴയിൽ ആണ് എം3ഡിബി എന്ന ജനപ്രിയ സിനിമ ഗ്രൂപ്പിൽ മമ്മൂട്ടി കമ്പനിയുടെ ലോഗോ കോപ്പി ആണെന്ന കാര്യം ചൂണ്ടിക്കാണിച്ചത്. ഏതോ ഇമേജ് ബാങ്കിൽ നിന്ന് എടുത്ത ലോഗോയിൽ മമ്മൂട്ടി കമ്പനി എന്ന് പേര് എഴുതുക മാത്രം ആണ് ഉണ്ടായത് എന്നാണ് ജോസ്മോൻ പോസ്റ്റിൽ കുറിച്ചത്. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും – ചില സിനിമ കാഴ്ച്ചകൾ‘ എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും ജോസ്മോൻ ചൂണ്ടികാട്ടി.