മാസ് റോളിൽ അവതരിച്ച് ചിമ്പു; ത്രസിപ്പിച്ച് ‘പത്ത് തല’ ട്രെയിലർ…

സൂപ്പർ ഹിറ്റ് കന്നഡ ചിത്രമായ ‘മഫ്തി’ തമിഴിലേക്ക് ‘പത്ത് തല’ എന്ന പേരിൽ റീമേക്ക് ചെയ്യുന്നു എന്നത് ആരാധകർ ആഘോഷിച്ച ഒരു വാർത്ത ആയിരുന്നു. ഒബേലി എൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ചിമ്പു ആണ് നായക വേഷത്തിൽ എത്തുന്നത്. ചിമ്പുവിനെ കൂടാതെ ഗൗതം കാർത്തിക്കും പ്രിയ ഭവാനി ശങ്കറും ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോളിതാ ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്.
എജിആർ എന്ന ഗ്യാങ്സ്റ്ററായിയുള്ള ചിമ്പുവിന്റെ മാസ് അവതാരം തന്നെയാണ് ഈ ട്രെയിലറിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. 2 മിനിറ്റ് 16 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. ഒറിജിനലിൽ നിന്ന് നാല് – അഞ്ച് സീനുകൾ മാത്രമേ നിലനിർത്തിയിട്ടുള്ളൂ എന്നും 90% സീനുകളും മാറ്റിയിട്ടുണ്ട് എന്നായിരുന്നു മുൻപ് സംവിധായകൻ വ്യക്തമാക്കിയിരുന്നത്. ഒരു പുതിയ എസ്ടിആറിനെ കാണാൻ കഴിയുമെന്ന ഉറപ്പും അദ്ദേഹം നൽകിയിരുന്നു. ഇപ്പോൾ ട്രെയിലർ നൽകിയിരിക്കുന്ന പ്രതീക്ഷയും അതുതന്നെയാണ്.
ഒറിജിനൽ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ അവതരിപ്പിച്ച കഥാപാത്രത്തെ ആണ് ചിമ്പു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മാർച്ച് 30ന് ആണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക. ട്രെയിലർ: