തെലുങ്കിൽ സജീവമായി ജയറാം; പുതിയ ചിത്രം മഹേഷ് ബാബുവിന് ഒപ്പം…

തമിഴ് – തെലുങ്ക് സിനിമകളിൽ നിറസാന്നിദ്ധ്യമാകുകയാണ് മലയാളത്തിന്റെ സ്വന്തം താരം ജയറാം. അല്ലു അർജ്ജുന്റെ
അല വൈകുണ്ഠപുരമുലൂവിലൂടെ ഒരു ബിഗ് ഹിറ്റ് കിട്ടിയ ജയറാമിനെ പിന്നീട് നിരവധി അന്യഭാഷാ ചിത്രങ്ങളിൽ പ്രേക്ഷകർക് കാണാനായി. പ്രഭാസിന് ഒപ്പം രാധേ ശ്യാം, മൾട്ടി സ്റ്റാർ ചിത്രം പൊന്നിയിൻ സെൽവൻ 1, രവി തേജ ചിത്രം ധമാക്ക എന്നീ ചിത്രങ്ങളിൽ ജയറാം പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
കൂടാതെ, ഇനി റിലീസ് ചെയ്യാനുള്ള രവി തേജയുടെ രാവണാസുര, വിജയ് ദേവരകൊണ്ടയുടെ ഖുഷി, പേരിട്ടിട്ടില്ലാത്ത ശങ്കർ – രാം ചരൺ ചിത്രം, പൊന്നിയിൻ സെൽവൻ 2, ശിവരാജ് കുമാറിന്റെ ഗോസ്റ്റ് എന്നീ ചിത്രങ്ങളിലും ജയറാമിനെ കാണാൻ കഴിയും. ഇപ്പോളിതാ തെലുങ്കിലെ മറ്റൊരു സൂപ്പർതാരത്തിന് ഒപ്പവും ജയറാം ഒന്നിക്കാൻ ഒരുങ്ങുകയാണ്.
സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന് ഒപ്പമാണ് ജയറാമിന്റെ പുതിയ ചിത്രം. സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ജയറാം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മഹേഷിന് ഒപ്പമുള്ള ചിത്രവും ജയറാം പങ്കുവെച്ചിട്ടുണ്ട്. ത്രിവിക്രം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ജയറാം കുറിച്ചത് ഇങ്ങനെ: “കൃഷ്ണ സാറിന്റെ (മഹേഷ് ബാബുവിന്റെ പിതാവ്) സിനിമകൾ തിയേറ്ററുകളിൽ കണ്ടാണ് വളർന്നത്. ഇപ്പോൾ മനോഹരമാ വ്യക്തിത്വത്തിന് ഉടമയായ മഹേഷ് ബാബുവിന് ഒപ്പം പ്രവർത്തിക്കുന്നു. ഒരിക്കൽക്കൂടി എന്റെ സ്വന്തം ത്രിവിക്രം ജിയ്ക്ക് ഒപ്പവും പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം”.
SSMB28 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ അതിവേഗം പുരോഗമിക്കുകയാണ്. അതാടു, ഖലേജ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രവും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷ ആരാധകർക്കുള്ള ചിത്രമാണ് ഇത്. പൂജ ഹെഡ്ഗെയും ശ്രീലേലയും ആണ് ഈ ചിത്രത്തിൽ നായികാ വേഷങ്ങളിൽ എത്തുന്നത്.