“ഹലോ മമ്മൂക്ക, സുഖമാണോ”; ദുൽഖറിൻ്റെ ഫോണിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ കണ്ട് സംസാരിച്ച് ബലയ്യ, വീഡിയോ വൈറൽ…

മലയാളി പ്രേക്ഷകർക്ക് ഇടയിലും ശ്രദ്ധേയനാണ് ബാലയ്യ എന്ന് ആരാധകർ വിളിക്കുന്ന തെലുങ്ക് സൂപ്പർതാരം ബാലകൃഷ്ണ. താരം മലയാളം സംസാരിച്ചതും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ വീഡിയോ കോൾ ചെയ്തതും ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടുന്നത്. ആഹാ ചാനലിൽ ബാലകൃഷ്ണ അവതരിപ്പിക്കുന്ന ‘അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ’ എന്ന ഷോയിൽ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ പങ്കെടുത്തപ്പോൾ ആണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.
ഒക്‌ടോബർ 31-ന് റിലീസ് ചെയ്യാനിരിക്കുന്ന ലക്കി ഭാസ്‌കർ എന്ന ചിത്രത്തിന്റെ അഭിനേതാക്കളോടൊപ്പമാണ് ദുൽഖർ, ബാലകൃഷ്ണയുടെ ജനപ്രിയ ടോക്ക് ഷോയായ അൺസ്റ്റോപ്പബിൾ വിത്ത് എൻബികെയിൽ അതിഥിയായി എത്തിയത്. രസകരമായ നിരവധി നിമിഷങ്ങളിലൂടെ ഇരുവരും കടന്നു പോകുന്നതിന് ഇടയിലാണ് പ്രേക്ഷകർക്ക് സർപ്രൈസ് ഒരുക്കികൊണ്ട് സാക്ഷാൽ മമ്മൂട്ടി വീഡിയോ കോളിലൂടെ ഷോയുടെ ഭാഗമായത്.
“ഹലോ മമ്മൂക്ക, സുഖമാണോ” എന്ന് ബാലകൃഷ്ണ മലയാളത്തിൽ മമ്മൂട്ടിയോട് ചോദിക്കുന്നു. സുഖം തന്നെ സുഖം തന്നെ എന്ന് മമ്മൂട്ടി മറുപടിയും നല്കുന്നു. ദുൽഖറിന്റെ ഫോണിൽ നിന്നായിരുന്നു ബാലകൃഷ്ണ മമ്മൂട്ടിയുമായി വീഡിയോ കോൾ ചെയ്തത്. ഷോയുടെ ദീപാവലി സ്‌പെഷ്യൽ എപ്പിസോഡിലാണ് ദുൽഖറും ടീമും അതിഥികളായി എത്തുന്നത്. നിലവിൽ പ്രൊമോ വീഡിയോയ മാത്രം ആണ് പുറത്തുവന്നിരിക്കുന്നത്. ഫുൾ എപ്പിസോഡ് ആഹാ വീഡിയോയിൽ ഒക്‌ടോബർ 31-ന് വൈകുന്നേരം 7 മണിക്ക് സംപ്രേക്ഷണം ചെയ്യും.