അൻവർ റഷീദ് – അമൽ നീരദ് ചിത്രത്തിൽ മോഹൻലാൽ; നിർമ്മാണം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്

സൂപ്പർ ഹിറ്റ് സംവിധായകൻ അൻവർ റഷീദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുമെന്ന് സൂചന. ചോട്ടാ മുംബൈ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അൻവർ റഷീദ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം അതിന്റെ ചർച്ചയുടെ അവസാന ഘട്ടത്തിലാണെന്നും ഒരുപാട് വൈകാതെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിക്കാൻ പോകുന്ന മോഹൻലാൽ പ്രൊജക്റ്റ് കൂടിയായിരിക്കും ഈ അൻവർ റഷീദ് ചിത്രം. നേരത്തെ അൻവർ റഷീദും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്ന് നിർമ്മിച്ച ചിത്രമായിരുന്നു വമ്പൻ വിജയം നേടിയ, അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡേയ്സ്. അത് കൊണ്ട് തന്നെ അൻവർ റഷീദ്- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് റീയൂണിയൻ കൂടിയായി ഈ മോഹൻലാൽ ചിത്രം മാറും.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദ് ആയിരിക്കും ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുക എന്നാണ് സൂചന. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന് ശേഷം അമൽ നീരദ് മോഹൻലാലിനൊപ്പം ജോലി ചെയ്യുന്ന ചിത്രം കൂടിയാവും ഇത്. സുഷിൻ ശ്യാം അല്ലെങ്കിൽ ജേക്സ് ബിജോയ് ആയിരിക്കും ഈ ചിത്രത്തിന് സംഗീതമൊരുക്കുക എന്നാണ് വാർത്തകൾ വരുന്നത്.
പുതിയ വർഷത്തിൽ പ്രഖ്യാപനം പ്രതീക്ഷിക്കുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ ആരംഭിച്ച് 2025 ക്രിസ്മസ് റിലീസായി തീയേറ്ററിൽ എത്തിക്കാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകർ എന്നാണ് റിപ്പോർട്ട്. അൻവർ റഷീദ് നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമായ പ്രാവിൻകൂട് ഷാപ്പ് ഈ വർഷം ക്രിസ്മസ് റിലീസായി എത്തും. ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.