ദില്ലി, റോളക്സ് മുതൽ വിക്രമും ലിയോയും വരെ, ഒപ്പം കൂടി ‘ബെൻസ്’; LCU-വിലേക്ക് ലോറൻസിന് വമ്പൻ എൻട്രി, വീഡിയോ പുറത്ത്…
ലോകേഷ് കനകരാജ് തന്റെ ചിത്രങ്ങളിലൂടെ സൃഷ്‌ടിച്ച ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ (LCU) നടൻ രാഘവ ലോറൻസും. താരത്തിന്റെ ജന്മദിനം പ്രമാണിച്ച് ഒരു വീഡിയോ പുറത്ത് വിട്ടു കൊണ്ട് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ലോറന്‍സ് എല്‍സിയുവിലേക്ക് എത്തുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. ബെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗംഭീര പ്രോമോ വീഡിയോ ആണ് ലോകേഷ് പുറത്ത് വിട്ടത്.
ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ബെൻസ് എന്ന ചിത്രം ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവരാണ് നിർമ്മിക്കുന്നത്. ആദ്യമായാണ് ലോകേഷ് സംവിധാനം ചെയ്യാത്ത ഒരു ചിത്രത്തിലൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ഒരു കഥാപാത്രം എത്തുന്നത്. ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് ബെന്‍സ്.
ഇപ്പോൾ രജനികാന്തിനെ നായകനാക്കി കൂലി എന്ന ചിത്രം ഒരുക്കുന്ന ലോകേഷിന്റെ അടുത്ത ചിത്രം കൈതി 2 ആണ്. കാർത്തി നായകനായ കൈതി ആയിരുന്നു ലോകേഷ് സിനിമാറ്റിക് യൂണിവഴ്സിന്റെ തുടക്കം കുറിച്ച ചിത്രം. അത്കൊണ്ട് തന്നെ കൈതി 2 ഒരു പീക്ക് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രം ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം പകുതിയോടെ ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന കൈതി 2 ൽ കാർത്തിക്കൊപ്പം കമൽ ഹാസൻ, സൂര്യ, വിജയ് എന്നിവരും അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചന.
കൈതി, വിക്രം, ലിയോ എന്നിവയാണ് എല്‍സിയുവിന്റെ ഭാഗമായി ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങള്‍. കാര്‍ത്തി, കമല്‍ഹാസന്‍, സൂര്യ, വിജയ്, നരെയ്ന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, അര്‍ജുന്‍ തുടങ്ങിയവരാണ് ഇതിനോടകം എല്‍സിയുവിന്റെ ഭാഗമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയ വലിയ താരങ്ങൾ. അവർക്കൊപ്പം ഇനി മുതൽ രാഘവ ലോറൻസും ഇടം പിടിക്കും.