“ബിഗ് ബി അന്ന് പരാജയം ആയിരുന്നു, ഇപ്പോൾ ക്ലാസിക് ആണെന്ന് പറയുന്നു”; മെഗാസ്റ്റാർ മമ്മൂട്ടി പറയുന്നു…
2007ൽ പുറത്തിറങ്ങിയ ‘ബിഗ് ബി’ എന്ന ചിത്രം അമൽ നീരദ് എന്ന സംവിധായകന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു. ബിലാൽ എന്ന നായക വേഷത്തിൽ മമ്മൂട്ടി തിളങ്ങിയ ഈ ചിത്രം ഇന്നും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയും നിരവധി ആരാധകർ ഉള്ളതുമായ ചിത്രമാണ്. എന്നാൽ അക്കാലത്ത് തീയേറ്ററുകളിൽ വേണ്ട വിധം പ്രേക്ഷകർ സ്വീകരിക്കാതെ പോയ ചിത്രം കൂടിയായിരുന്നു ‘ബിഗ് ബി’. ഇപ്പോൾ ഏറ്റവും പുതിയ അഭിമുഖത്തിൽ മമ്മൂട്ടി ഈ ചിത്രത്തിനെ കുറിച്ച് സംസാരിക്കുക ഉണ്ടായി. സിനിമകൾ പരാജയമാകുന്ന സാഹചര്യങ്ങളെ കുറിച്ചു സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് ആണ് മമ്മൂട്ടി ‘ബിഗ് ബി’ എന്ന ചിത്രത്തെ പരാമർശിച്ചത്. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:
“കണക്കുകൂട്ടൽ തെറ്റിപ്പോകുന്നതാണ് മിക്കപ്പോഴും സിനിമ പരാജയപ്പെടാൻ കാരണം. പലതരത്തിലുള്ള കണക്കുകൂട്ടലുകൾ ഉണ്ട്. പ്രേക്ഷകനെ പറ്റിയുള്ളതോ കഥകളെ പറ്റിയുള്ള നമ്മുടെ ആലോചനകളും ചിന്തകളും ഒക്കെ തെറ്റിപോകുന്നതാ. എല്ലാം ശരിയായി വരുമ്പോൾ ആളുകൾക്ക് ഇഷ്ടമാകും. എവിടെയൊക്കെയോ തെറ്റുപറ്റി പോകുമ്പോൾ ആണ് ആളുകൾക്ക് ഇഷ്ടം ആകാതെ പോകുന്നത്.”
“പിന്നെ കാലം തെറ്റി ചില സിനിമകൾ വരും. കാലം മാറുന്നത് അനുസരിച്ച് സിനിമയുടെ ആസ്വാദന രീതി മാറും പ്രേക്ഷകർ മാറും സിനിമ കഥ പറയുന്ന രീതി മാറും കഥാഗതി മാറും സാങ്കേതിക വ്യത്യാസങ്ങൾ വരും. അതനുസരിച്ചിട്ട് നമ്മുടെ കഥയും കഥാപാത്രങ്ങളും ഒക്കെ മാറും. ചിലതൊക്കെ വളരെ നേരത്തെ വരും. കാലത്തിനു മുന്നേ ചില സിനിമകൾ. ബിഗ് ബി ഒക്കെ അന്ന് പരാജയമായി പോയി. ഇപ്പോൾ വലിയ കൾട്ട് ആണ് ക്ലാസിക് ആണെന്നൊക്കെ പറയുന്നു.” – മമ്മൂട്ടി പറഞ്ഞു.
അതേസമയം, ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായി ‘ബിലാൽ’ എന്ന ചിത്രം സംവിധായകൻ അമൽ നീരദ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കോവിഡ് പ്രതിസന്ധികൾ ഈ ചിത്രം വൈകിപ്പിക്കുകയും തുടർന്ന് ഈ കൂട്ട്കെട്ട് ‘ഭീഷ്മ പർവ്വം’ എന്ന ചിത്രം ചെയ്യുകയും ചെയ്തിരുന്നു. ഈ വർഷം ആദ്യം തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി തീർന്നിരുന്നു. ഭീഷ്മ പർവ്വത്തിന്റെ വിജയം ബിലാൽ എന്ന ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്. ചിത്രത്തിന്റെ അപ്‌ഡേറ്റിനായി കാത്തിരിക്കുക ആണ് ആരാധകർ.