ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’; റിലീസ് പ്രഖ്യാപിച്ചു മോഷൻ പോസ്റ്റർ എത്തി…

‘ന്നാ താൻ കേസ് കൊട്’ എന്ന പുതിയ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി തീയേറ്ററുകളിൽ നിറഞ്ഞോടുന്ന സന്തോഷത്തിലാണ് കുഞ്ചക്കോ ബോബനും ആരാധകരും. ഈ ആഘോഷത്തിന് മാറ്റ് കൂട്ടാൻ ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുക ആണ്. രണ്ട് ഭാഷകളിൽ ഒരുങ്ങുന്ന ചാക്കോച്ചന്റെ ‘ഒറ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി ആണ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന് ഒപ്പം തമിഴ് നടൻ അരവിന്ദ് സ്വാമിയും നായക നിരയിലുള്ള ഈ ചിത്രം സെപ്റ്റംബർ 2ന് ആണ് തീയേറ്ററുകളിൽ എത്തുക.
ഫെല്ലിനി ടിപി സംവിധാനം ചെയ്യുന്ന ഈ ചിത്രം ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്. കേരളത്തിലെ ലൊക്കേഷൻ കൂടാതെ ഗോവ, മാഗ്ലൂർ, മുംബൈ, പൂന എന്നിവടങ്ങളിലായി മലയാളത്തിലും തമിഴിലും ഒരേ സമയം ആണ് ചിത്രീകരിച്ച സിനിമയിൽ ജാക്കി ഷെറഫും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിലേക്ക് അരവിന്ദ് സ്വാമിയുടെയും ജാക്കി ഷെറഫിന്റെയും തിരിച്ചുവരവ് ചിത്രം എന്ന പ്രത്യേകതയും ഒറ്റിന് ഉണ്ട്. റിലീസ് പ്രഖ്യാപിച്ചു കൊണ്ട് നിർമ്മാതാക്കൾ പുറത്തുവിട്ട മോഷൻ പോസ്റ്റർ കാണാം:
ആടുകളം നരേൻ, അമാൽഡ ലിസ്, തെലുങ്ക് നടി ഈഷ റബ്ബ എന്നിവർ ആണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്ന അഭിനേതാക്കള്‍. കുഞ്ചാക്കോയും അരവിന്ദ് സ്വാമിയും രണ്ട് സുഹൃത്തുക്കളായി അഭിനയിക്കുന്ന ചിത്രത്തിൽ മംഗലാപുരത്ത് നിന്ന് മുംബൈയിലേക്കുള്ള ഒരു യാത്രയിലൂടെ ആണ് കഥ വികസിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ മുന്‍പ് പുറത്തുവന്നിരുന്നു. കൂടാതെ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോയും നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തിരുന്നു. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ നടന്‍ ആര്യയും ഷാജി നടേശനും ചേര്‍ന്ന് ആണ് ചിത്രം നിര്‍മ്മിച്ചത്.

