വീണ്ടും പ്രണയിച്ച് ചാക്കോച്ചൻ; ഒറ്റിലെ ഗാനത്തിന് മികച്ച പ്രതികരണങ്ങൾ…
അരവിന്ദ് സ്വാമിയും കുഞ്ചക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും കുഞ്ചക്കോയുടെ ആദ്യ തമിഴ് ചിത്രം എന്ന നിലയിലും ശ്രദ്ധ നേടുന്ന ചിത്രമാണ് രണ്ടകം. തമിഴ് കൂടാതെ മലയാളത്തിലും പുറത്തിറങ്ങുന്ന ചിത്രത്തിന് ഒറ്റ് എന്നാണ് മലയാളം ടൈറ്റിൽ. ഈ ചിത്രത്തിലെ ഒരു ഗാനം പ്രണയ ദിനത്തില്‍ പുറത്തു വന്നിരുന്നു.
‘ഒരേയ് നോക്കിൽ’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനത്തിൽ കുഞ്ചക്കോ ബോബനും നായിക ഈഷ റബ്ബയും ആണ് അഭിനയിച്ചിരിക്കുന്നത്. ശ്വേത മോഹൻ ആലപിച്ച റൊമാന്റിക് ഗാനത്തിന് സംഗീതം പകർന്നത് എഎച്ച് കാഷിഫ് ആണ്. വീഡിയോ ഗാനം കാണാം:
വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികൾ എഴുതിയത്. മികച്ച അഭിപ്രായങ്ങൾ ആണ് ഗാനത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചാക്കോച്ചൻ എന്ന ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന കുഞ്ചാക്കോ ബോബന്റെ ഒരു പ്രണയ ഗാനം കൂടി ലഭിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. വളരെയധികം ഇന്റിമേറ്റ് സീനുകൾ ഉള്ള ഈ ഗാനം ശ്രദ്ധ നേടുകയാണ്. ആഴ്ചകൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ശ്രദ്ധേയമായിരുന്നു.
മലയാളത്തിലും തമിഴിലുമായി ചിത്രീകരിച്ച് പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫെല്ലിനി ടി പി ആണ്. തീവണ്ടി എന്ന ടോവിനോ തോമസ് ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനാണ് ഫെല്ലിനി. 26 വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് അരവിന്ദ് സ്വാമിയെ വീണ്ടും എത്തിക്കുന്ന ചിത്രം കൂടിയാകും ഒറ്റ്. 1996ൽ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രത്തിലായിരുന്നു അരവിന്ദ് സ്വാമി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.