ഹൈ വോൾട്ടേജ് ആക്ഷൻ ത്രില്ലർ ‘ഐഡന്‍റിറ്റി’യുമായി ഫോറൻസിക് ടീം…
കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ ടോവിനോ തോമസിന്റെ ‘തല്ലുമാല’ എന്ന ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി തീയേറ്ററുകളിൽ മുന്നേറുക ആണ്. വളരെ റിസ്ക് എടുത്തു ചെയ്ത കിടിലൻ ആക്ഷൻ രംഗങ്ങൾ ആവേശത്തോടെ ആണ് പ്രേക്ഷകർക് സ്വീകരിച്ചിരിക്കുന്നത്. തല്ലുമാലയുടെ വിജയതിളക്കത്തിൽ നിൽക്കുമ്പോൾ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുക ആണ് ടോവിനോ തോമസ്. 2020ല്‍ പുറത്തിറങ്ങിയ ഫോറൻസിക് ഒരുക്കിയ അതേ ടീമിന് ഒപ്പം ടോവിനോ വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ‘ഐഡന്‍റിറ്റി’ എന്നാണ്.
ഒരു ഹൈ വോൾട്ടേജ് ആക്ഷൻ ത്രില്ലർ ചിത്രമായാണ് ‘ഐഡന്‍റിറ്റി’ ഒരുങ്ങുന്നത്. ഫോറൻസിക് ഒരുക്കിയ ഇരട്ട സംവിധായകർ ആയ അഖിൽ പോളും അനസ് ഖാനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കുന്നതും ഇരുവരും ചേര്‍ന്നാണ്. മഡോണ സെബാസ്റ്റിൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം രാഗം മൂവീസിന്റെ രാജു മല്ലിയത്തും സെഞ്ചുറി കുഞ്ഞുമോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2023ൽ ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക എന്ന വിവരവും ടോവിനോ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്.