ഫാന്റസി ലോകത്തേക്ക് കൂട്ടികൊണ്ട് പോകാൻ ‘മഹാവീര്യർ’; ടീസർ പുറത്ത്…
നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മഹാവീര്യർ’. ഫാന്റസി ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രം മലയാള സിനിമയിൽ നിരവധി പുതുമകൾ ചിത്രം സമ്മാനിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ. മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേനേടിയിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ.
123 മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിൽ ആണ് ചിത്രത്തിന്റെ ടീസർ എത്തിയത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും പ്രമേയമാകുന്ന ചിത്രമാണ് ഇതെന്ന് മുൻപ് തന്നെ വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ ടീസറിലെ ദൃശ്യങ്ങളും അത് തന്നെ ആണ് ശരി വെക്കുന്നത്. ടീസർ കാണാം:
പോളി ജൂനിയർ പിക്ചർസിന്റെ ബാനറിൽ നായകൻ നിവിൻ പോളിയും, ഇന്ത്യൻ മൂവി മേക്കർസിന്റെ ബാനറിൽ പി. എസ് ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എം. മുകുന്ദന്റെ കഥയുടെ അടിസ്ഥാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സംവിധായകൻ എബ്രിഡ് ഷൈൻ ആണ്. കന്നഡ സിനിമാ താരം ഷാൻവി ശ്രീവാസ്തവ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നു.
ലാൽ, ലാലു അലക്സ്, സിദ്ധിഖ്, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയ വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഇഷാൻ ചാബ്ര ആണ്. ചിത്ര സംയോജനം മനോജ് നിർവഹിക്കുന്നത്.