ഇത്തവണ കോമഡിയല്ല, ത്രില്ലറാണ്; ആകാംഷ തീർത്ത് ‘ഈശോ’ ടീസർ...
ടൈറ്റിൽ വിവാദങ്ങളിലേക്ക് അകപ്പെടുകയും വലിയ ചർച്ചയാകുകയും ചെയ്ത ചിത്രമാണ് നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഈശോ’. ജയസൂര്യ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം ത്രില്ലർ ജോണറില്‍ ആണ് ഒരുങ്ങുന്നത്. കോമഡിയ്ക്ക് പ്രാധാന്യം നൽകിയ നാദിർഷയുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ത്രില്ലർ ആയാണ് ഈശോയെ ഒരുക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ആകർഷണീയത.
നിഗൂഢമായ ഒരു കഥാപാത്രത്തെ ആണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത് എന്ന് ടീസറിൽ നിന്ന് മനസിലാക്കാൻ സാധിക്കും. രാത്രി വളരെ വൈകി എടിഎമിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ (ജാഫർ ഇടുക്കി) അടുത്തേക്ക് ജയസൂര്യയുടെ കഥാപാത്രം എത്തുന്നതും അവരുടെ സംഭാഷണവും ആണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് വളരെ തീവ്രമായ നോട്ടവും നൽകി മഴയത്ത് നടന്ന് നീങ്ങുന്ന ജയസൂര്യയുടെ കഥാപത്രത്തെയും കാണാം. ടീസര്‍:
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ത്രില്ലർ സ്വാഭാവം ടീസറിൽ ഉടനീളം കാണാൻ കഴിയുന്നുണ്ട്. 123മ്യൂസിക്‌സ് പുറത്തിറക്കിയ ചിത്രത്തിന്റെ ഈ ടീസറിന് കാഴ്ചക്കാരിൽ നിന്ന് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ജയസൂര്യ എന്ന നടനിലും നാദിർഷ എന്ന സംവിധകനിലും ഉള്ള പ്രതീക്ഷ ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു. ചിത്രത്തിന്റെ ടീസർ മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ആയിരുന്നു പുറത്തിറക്കിയത്.
അരുൺ നാരായൺ നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സുനീഷ് വരനാട് ആണ്. ഛായാഗ്രഹണം റോബി വർഗീസ് രാജ് നിർവഹിക്കുമ്പോൾ എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. ഗാനങ്ങൾക്ക് നാദിർഷ ആണ് സംഗീതം ഒരുക്കുന്നത്. രാഹുൽ രാജ് പശ്ചാത്തല സംഗീതം ഒരുക്കുന്നു.