അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, ദുൽഖറിന്റെ ലക്കി ഭാസ്കറിനെ ഒരു മലയാള സിനിമ പോലെ കേരളം സ്വീകരിക്കുമോ?

ഒക്ടോബർ 31 ന് ആഗോള റിലീസ് ആയി എത്തുന്ന ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും ദുബായിലും മികച്ച ടിക്കറ്റ് ബുക്കിങ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിലും ചിലയിടങ്ങളിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ ആകട്ടെ റിലീസിന് മുൻപായി ഒക്ടോബർ 30 ന് പ്രീമിയർ ഷോകളും നടക്കും. വൈകുന്നേരം 6 മണി മുതൽ നൂറിലധികം പ്രീമിയർ ഷോകളാണ് ലക്കി ഭാസ്കറിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
അതേ സമയം, ദുൽഖർ സൽമാന്റെ കേരളത്തിലെ ആരാധകർ ഇവിടെ ഈ ചിത്രത്തിന് കിട്ടുന്ന പ്രതികരണം അറിയാൻ ആണ് ആഗ്രഹിക്കുന്നത്. ദുൽഖർ സൽമാന് വമ്പൻ ജനപ്രീതിയുള്ള സ്വന്തം തട്ടകമായ കേരളത്തിൽ അദ്ദേഹത്തിന്റെ മുൻ റിലീസുകൾക്കൊക്കെ വമ്പൻ ബുക്കിങ്ങും ബോക്സ് ഓഫീസ് പ്രകടനവും കാഴ്ച വെച്ച ചരിത്രമാണ് ഉള്ളത്. തെലുങ്ക് ചിത്രം ആയതിനാൽ മാത്രം ആണ് ആരാധകരിൽ ഒരു ആശങ്ക ഉള്ളത്. എന്നാൽ കൊച്ചി ലോഞ്ചിൽ ദുൽഖർ പറഞ്ഞ വാക്കുകൾ വലിയ പ്രതീക്ഷ മലയാളി പ്രേക്ഷകർക്കും നല്കുന്നുണ്ട്.
ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ: “ലക്കി ഭാസ്കറിലെ ഭാസ്കർ നിങ്ങൾക്ക് എല്ലാവർക്കും കണക്റ്റ് ചെയ്യാവുന്ന ഒരു ക്യാരക്റ്റർ ആയിരിക്കും. ഒരു മലയാളം സിനിമാ പോലെ കണ്ട് നിങ്ങൾ സ്വീകരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു”. കൂടാതെ, മനപ്പൂർവ്വം മലയാളത്തിൽ നിന്ന് താൻ മാറി നിൽക്കുന്നത് അല്ലെന്നും നിങ്ങൾക്ക് വേണ്ടി സിനിമാ ചെയ്തില്ലെങ്കിൽ അത് കരിയറിനോട് ചെയ്യുന്ന നന്ദികേടു ആയിരിക്കും എന്നും ദുൽഖർ കൊച്ചിയിൽ പറഞ്ഞിരുന്നു.
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.
മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രത്തിന്റെ കൊച്ചി, ദുബായ് പ്രൊമോഷൻ ഇവൻ്റുകൾ വലിയ വിജയമായി മാറിയിരുന്നു. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ കഥ പറയുന്ന ഈ ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.