കാത്തിരിപ്പുകൾ ഇനിയില്ല, ‘കിംഗ് ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് ദേ വരുന്നു…
ദുൽഖർ സൽമാൻ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ – ‘കിംഗ് ഓഫ് കൊത്ത’. മാസ് പരിവേഷത്തിൽ ദുൽഖർ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രം പ്രഖ്യാപിച്ചു നാളുകൾ കുറേ ആയെങ്കിലും ഷൂട്ടിംഗ് ആരംഭിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. ദുൽഖർ സൽമാൻ പോലും സ്വപ്ന ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രം യാഥാർഥ്യത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ. ആ ആവേശം ഒന്ന് ആഘോഷമാക്കാൻ ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് നാളെ (ഒക്ടോബർ 1ന്) എത്തുക ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നാളെ പ്രേക്ഷകർക്ക് മുന്നിൽ എത്തുക. നാളെ വൈകുന്നേരം 6 മണിക്ക് ആണ് കിംഗ് ഓഫ് കൊത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിടുന്നത്.
അഭിലാഷ് എൻ ചന്ദ്രൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ഗോകുൽ സുരേഷ് ഗോപിയും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ‘കൊത്ത’ എന്ന സാങ്കൽപ്പിക നഗരത്തിൽ നടക്കുന്ന ചില സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഒരു ഗ്യാങ്സ്റ്റർ സിനിമ ആണ് ഇത്. ഇതൊരു സാധാരണ ‘മാസ്’ സിനിമയല്ല എന്നും ആക്ഷൻ പോലെ വികാരങ്ങൾക്കും പ്രണയത്തിനും പാട്ടുകൾക്കും തുല്യ പ്രാധാന്യമുണ്ട് എന്നും മുൻപ് സംവിധായകൻ അഭിലാഷ് ജോഷി പറഞ്ഞിരുന്നു. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകർഷിക്കുന്ന ഘടകങ്ങൾ ചിത്രത്തിലുണ്ടാകും എന്ന ഉറപ്പും അദ്ദേഹം നൽകിയിരുന്നു.