ആനക്കൊമ്പ് ഇപ്പോൾ വെളുത്തതല്ല, അതിൽ രക്തക്കറ പുരണ്ടിരിക്കുന്നു; ‘കാട്ടാളൻ’ പ്രീ പ്രൊഡക്ഷന് തുടക്കം

‘മാർക്കോ’ എന്ന വമ്പൻ ഹിറ്റിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ഒരുക്കുന്ന പുതിയ ചിത്രം ‘കാട്ടാളൻ’ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടന്നു. മൃഗങ്ങളുടെ പല്ലുകളിൽ ഏറ്റവും മൂല്യമേറിയ ഒന്നായി പണ്ടുകാലം മുതലേ കണക്കാക്കിയിരുന്ന ഒന്നാണ് ആനക്കൊമ്പ്. ആനയുടെ മുകളിലെ വായിലെ രണ്ടാമത്തെ ഉളിപ്പല്ലായ ഇത്, പണ്ടുമുതലേ അലങ്കാരപ്പണികൾക്കും വേട്ടയാടാനുമെല്ലാം ഉപയോഗിച്ചിരുന്നു. കൊത്തുപണികളുള്ള ഒരു ആനക്കൊമ്പിന്റെ ചിത്രത്തോടുകൂടിയാണ് ‘കാട്ടാളൻ’ സിനിമയുടെ പ്രാരംഭ ജോലികൾ തുടങ്ങിയതായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
“ആനക്കൊമ്പ് ഇപ്പോൾ വെളുത്തതല്ല, അതിൽ രക്തക്കറ പുരണ്ടിരിക്കുന്നു” എന്ന ടാഗ്‌ലൈനോടുകൂടിയ അനൗൺസ്‌മെന്റ് സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സൂചന നൽകുന്നു. വീണ്ടും ഒരു ചോരക്കളിക്ക് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് തയ്യാറെടുക്കുകയാണോ എന്ന് സിനിമാപ്രേമികൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ആൻ്റണി പെപ്പെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്.
മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ പോസ്റ്ററിൽ ആളിക്കത്തുന്ന തീയ്ക്ക് മുന്നിൽ നിൽക്കുന്ന പെപ്പെയുടെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. വയലൻസ് സിനിമകൾ ചർച്ചാവിഷയമാകുന്ന ഈ കാലഘട്ടത്തിൽ, വീണ്ടും അത്തരമൊരു സിനിമയുമായി ക്യൂബ്സ് എത്തുമ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ വർധിക്കുകയാണ്.
തങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരംഭത്തിൽത്തന്നെ ഒരു പുതുമുഖ സംവിധായകന് അവസരം നൽകുകയാണ് നിർമ്മാതാവായ ഷെരീഫ് മുഹമ്മദ് എന്നതും ശ്രദ്ധേയമാണ്.
മലയാള സിനിമയിലേക്ക് പ്രതിഭാധനരായ നിരവധി കലാകാരന്മാർക്ക് അവസരം നൽകുന്നതിനോടൊപ്പം, മറ്റ് ഭാഷാ ചിത്രങ്ങൾക്ക് സമാനമായ സാങ്കേതികത്തികവും, മികച്ച പ്രൊഡക്ഷൻ നിലവാരവും നൽകി മാർക്കോയെക്കാൾ വലിയ വിജയങ്ങൾ നേടാനുള്ള തയ്യാറെടുപ്പിലാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. ചിത്രത്തിൻ്റെ മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ലെങ്കിലും, മലയാളത്തിലും മറ്റ് ഭാഷകളിലുമായി പ്രഗത്ഭരായ സാങ്കേതിക വിദഗ്ധർ ഈ സിനിമയ്ക്കായി ഒന്നിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. കൂടുതൽ വിവരങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.