പന്ത്രണ്ട് ചിത്രങ്ങളിൽ അഞ്ചും പ്രഭാസ് ചിത്രങ്ങൾ; ‘കൽക്കി 2898 എഡി’യിലൂടെ ആ നേട്ടം ഒരിക്കൽ കൂടി പ്രഭാസ് സ്വന്തമാക്കി…

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആഘോഷിക്കുമ്പോൾ നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ കൂടി സൃഷ്ടിക്കപ്പെടുകയാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ദിനത്തിൽ തന്നെ 191.5 കോടി നേടിയാണ് വരവറിയിച്ചത്. രണ്ടാം ദിവസം 107 കോടി നേടി ചിത്രത്തിന്റെ ആകെ കളക്ഷൻ 298.5 കോടിയിൽ എത്തി.
റിലീസ് ദിനത്തിൽ തന്നെ 100 കോടി ഗ്രോസ് മറികടക്കുന്ന അഞ്ചാമത്തെ പ്രഭാസ് ചിത്രമായി കൽക്കി മാറി. ഇന്ത്യൻ സിനിമയിൽ ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രവും ആണ് കൽക്കി 2898 എഡി. 12 ചിത്രങ്ങളിൽ അഞ്ചും പ്രഭാസ് ചിത്രങ്ങൾ ആണ് എന്നതും പ്രത്യേകത ആണ്. ബാഹുബലി 2, സാഹോ, ആദിപുരുഷ്, സലാർ എന്നീ പ്രഭാസ് ചിത്രങ്ങൾ ആണ് മുൻപ് ഈ നേട്ടം കൈവരിച്ചത്.
കെ.ജി.എഫ് 2, ലിയോ, ജവാൻ, ആനിമൽ, പത്താൻ, ആർ ആർ ആർ, 2.0 എന്നിവയാണ് റിലീസ് ദിനത്തിൽ 100 കോടി മറികടന്ന മറ്റ് ചിത്രങ്ങൾ. പ്രഭാസിന് പിന്നാലെ രണ്ട് ചിത്രങ്ങളുമായി ഷാരൂഖ് ഖാൻ ആണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. രജിനികാന്ത്, യഷ്, ദളപതി വിജയ്, രൺബീർ കപൂർ, ജൂനിയർ എൻ ടി ആർ – രാംചരൺ തേജ എന്നിവർക്ക് ഈ ലിസ്റ്റിൽ ഓരോ ചിത്രങ്ങൾ വീതം ഉണ്ട്.