‘കൽക്കി 2898 എഡി’യിൽ ദുൽഖറും വിജയ് ദേവരകൊണ്ടയും; താരങ്ങൾക്ക് നന്ദി പറഞ്ഞ് പ്രഭാസ്…
ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പ്രഭാസിൻ്റെ ‘കൽക്കി 2898 എഡി’ തിയേറ്ററുകളിൽ എത്താൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ആണ് അവശേഷിക്കുന്നത്. റിലീസിന് മുന്നോടിയായി സംവിധായകൻ നാഗ് അശ്വിനും നായകൻ പ്രഭാസും ചേർന്ന് നടത്തിയ ഇൻസ്റ്റാഗ്രാം ലൈവ് സെഷനിൽ ചില പ്രധാനപ്പെട്ട നിരവധി വിവരങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇൻസ്റ്റാഗ്രാം ലൈവ് സെഷനിൽ പ്രഭാസ് രണ്ടാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തി. ചിത്രത്തിൻ്റെ തുടർഭാഗം ഉടൻ ആരംഭിക്കാൻ പോകുന്നതിനാൽ ശരിയായ വിശ്രമം എടുക്കാൻ നാഗ് അശ്വിനോട് പ്രഭാസ് ലൈവിൽ ആവശ്യപ്പെട്ടു.
ദുൽഖർ സൽമാനും വിജയ് ദേവരകൊണ്ടയും ചിത്രത്തിൻ്റെ ഭാഗമാണ് എന്നത് ഈ ലൈവ് സെഷനിൽ സ്ഥിരീകരിച്ചിരിക്കുകയാണ് പ്രഭാസ്. ചിത്രത്തിൻ്റെ ഭാഗമായതിൽ ഇരുവരോടും പ്രഭാസ് നന്ദി അറിയിച്ചു. മുൻപ് വിജയ്‌യും ദുൽഖറും കൽക്കി നിർമ്മാതാക്കളായ വൈജയന്തി മൂവീസിന്റെ മഹാനടി എന്ന സിനിമയിൽ അഭിനയിച്ചിട്ടും ഉണ്ട്. താരനിരയിൽ മറ്റ് ചില സർപ്രൈസുകളും കൽക്കി നൽകും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ചിത്രത്തിലെ പ്രഭാസിൻ്റെ എൻട്രി സീനിൽ നാഗ് അശ്വിൻ ആവേശഭരിതനാണ്, അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “ഞാൻ തിയേറ്ററുകളിൽ അലറുന്ന തരത്തിലുള്ള ആളല്ല, പക്ഷേ ആ എൻട്രി സീനിൽ ഞാൻ നിലവിളിക്കും!”. പ്രഭാസിന്റെ എൻട്രി അൽപ്പം വൈകും. 20 മിനിറ്റിന് ശേഷം പ്രഭാസ് പ്രത്യക്ഷപ്പെടും. വേൾഡ് -ബിൽഡിങ് കുറച്ച് സമയമെടുക്കും. ഒരുപാട് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും കഥ പറയുകയും വേണം. എന്നാൽ ആളുകൾ വീട്ടിലേക്ക് മടങ്ങുമ്പോൾ അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമായി ഭൈരവ മാറിയിട്ടുണ്ടാവും, നാഗ് അശ്വിൻ കൂട്ടിചേർത്തു.
കൂടാതെ, ക്ലൈമാക്സിലെ ഗാനം എക്കാലത്തെയും പ്രിയപ്പെട്ട ഒന്നായി മാറും എന്നും നാഗ് പറയുന്നു. വൈജയന്തി മൂവീസിൻ്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവർ അഭിനയിക്കുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിൽ വൻ ഹൈപ്പ് സൃഷ്ടിച്ചാണ് നാളെ തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ്.