in , ,

‘ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോഴാണ്’; മമ്മൂട്ടി-വിനായകൻ ചിത്രം കളങ്കാവൽ പ്രീ റിലീസ് ടീസർ എത്തി

‘ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോഴാണ്’; മമ്മൂട്ടി-വിനായകൻ ചിത്രം കളങ്കാവൽ പ്രീ റിലീസ് ടീസർ എത്തി

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ പ്രീ റിലീസ് ടീസർ എത്തി. ചിത്രത്തിന്റെ രണ്ടാം ടീസർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ആദ്യ ടീസറും ട്രെയ്‌ലറും മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയിരുന്നു. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുക. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കളങ്കാവൽ. കാണാതായ ഒരു കൂട്ടം സ്ത്രീകളെ കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഓഫീസർ ആയി വിനായകൻ എത്തുബോൾ, മനുഷ്യരെ കൊല്ലുന്നതിൽ സുഖം കണ്ടെത്തുന്ന ഒരു സീരിയൽ കില്ലർ ആയാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത് എന്ന സൂചനയാണ് പ്രീ റിലീസ് ടീസർ നൽകുന്നത്.

‘ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോഴാണ്’ എന്ന ടീസറിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ ഡയലോഗും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കളങ്കാവലിന്റെ കേരളാ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും ഇന്ന് ആരംഭിച്ചു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

ഒരു ക്രൈം ഡ്രാമ ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് എന്നാണ് റിപ്പോർട്ട്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.ഛായാഗ്രഹണം- ഫൈസൽ അലി, എഡിറ്റർ – പ്രവീൺ പ്രഭാകർ.

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ; നഹാസ് ഒരുക്കുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി ടീം വീണ്ടും; L365 ഒരുക്കാൻ ഇനി “തുടരും” സംവിധായകൻ