“34 വർഷത്തിനിടയിൽ മറ്റേതൊരു നടനും കാഴ്ചയിൽ മാറ്റം വരുമായിരുന്നു”, മമ്മൂട്ടിയെയും അയ്യരെയും കുറിച്ച് കെ മധു പറയുന്നു…

മെഗാസ്റ്റാർ മമ്മൂട്ടി സേതുരാമയ്യർ ആയി എത്തുന്ന സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിനായി കാത്തിരിക്കുക ആണ് മലയാളം സിനിമാ ലോകം. എസ് എൻ സ്വാമി – കെ മധു ടീം ഒരിക്കൽ കൂടി സേതുരാമയ്യരെ ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നതിന്റെ ആവേശത്തിൽ ആണ് പ്രേക്ഷകരും ആരാധകരും. പ്രോമോ വിടെയോകളായി ചിത്രത്തിന്റെ ടീസറും ട്രെയിലറും ഒക്കെ പ്രേക്ഷകർക്ക് മുന്നിൽ എത്തി കഴിഞ്ഞു.
കാഴ്ചയിൽ മാറ്റങ്ങൾ ഒന്നുമില്ലാതെ സേതുരാമയ്യർ എത്തുന്നു എന്നത് പ്രോമോ വീഡിയോകൾ വ്യക്തമാക്കി കഴിഞ്ഞു. അയ്യർക്ക് പ്രായമാകുന്നില്ലല്ലോ എന്ന ചോദ്യം സ്വാഭാവികമായും പ്രേക്ഷകരിൽ നിന്ന് ഉയർന്നിരിക്കുക ആണ്. അതിന് ഉത്തരം നൽകുക ആണ് സംവിധായകൻ കെ മധു.
ആദ്യ ചിത്രവും പുതിയ ചിത്രവും തമ്മിൽ 34 വർഷങ്ങളുടെ ഇടവേള ഉണ്ടെന്നും 70 ആണിപ്പോൾ മമ്മൂട്ടിയുടെ പ്രായമെന്നും ഓർമ്മപ്പെടുത്തിയ കെ മധു പറഞ്ഞത് ഇത്രയും വർഷത്തിനിടയിൽ മറ്റേതൊരു നടനും കാഴ്ചയിൽ മാറ്റം വരുമായിരുന്നു എന്നാണ്. സേതുരാമയ്യരിൽ ഒരു മാറ്റവും കണ്ടെത്താൻ കഴിയില്ലെന്ന് ടീസർ കണ്ടവർ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. പുതിയ വാച്ച് എന്നത് മാത്രമായിരിക്കും ഉണ്ടാവാവുന്ന ഒരു മാറ്റം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“സിബിഐയുടെ ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മമ്മൂട്ടിയുടെ പ്രായം 30-ന്റെ അവസാനത്തിലായിരുന്നു. ഇപ്പോൾ വയസ്സ് 70. കഴിഞ്ഞ 34 വർഷത്തിനിടയിൽ മറ്റേതൊരു നടനും കാഴ്ചയിൽ മാറ്റം വരുമായിരുന്നു. എന്നാൽ സേതുരാമയ്യരിൽ ഒരു മാറ്റവും കണ്ടെത്താൻ കഴിയില്ലെന്നാണ് ടീസർ കണ്ടവർ പറയുന്നത്. കഥാപാത്രത്തിന്റെ മേക്കപ്പ് ഇട്ട് മമ്മൂട്ടി വന്നപ്പോൾ വലിയ വ്യത്യാസമില്ലെന്ന് എനിക്ക് തോന്നി.
അദ്ദേഹം അതേ പാന്റും ഷർട്ടും ധരിച്ചിരിക്കുന്നു, നെറ്റിയിൽ കുങ്കുമകുറി, പൂണൂൽ, രുദ്രാക്ഷമാല, മുടി പിന്നിലേക്ക് ചീകി ഒതുക്കി വെച്ചിരിക്കുന്നു.കൈകൾ പുറകിൽ കെട്ടിയാണ് നടപ്പ്. അദ്ദേഹത്തിന്റെ വാച്ച് മാത്രം പുതിയത് ആയിരിക്കാം. മമ്മൂട്ടി ചെറുപ്പമായി കാണപ്പെടുന്നു എന്നാണ് എനിക്ക് തോന്നുന്നത്.”, കെ മധു പറഞ്ഞു.