“ഇത് മഹാനടൻ മാത്രമല്ല, മഹാ മനുഷ്യത്വവുമാണ്… ഒരേയൊരു മോഹൻലാൽ”
ശ്രദ്ധേയമായ അഭിനയ വൈദഗ്ധ്യത്തിനും വിനയാന്വിത സ്വഭാവത്തിനും ഒരേ പോലെ പേരുകേട്ട താരമാണ് മലയാളത്തിന്റെ മോഹൻലാൽ. നിരവധി സഹ പ്രവർത്തകർ പലപ്പോഴും ഇക്കാര്യം പറഞ്ഞിട്ടുള്ളതുമാണ്. ഇപ്പോളിതാ നടൻ ഹരീഷ് പേരടിയും മോഹൻലാലിന്റെ ഈ സ്വഭാവ സവിശേഷതയെ കുറിച്ച് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രവർത്തിക്കുന്ന പേരടി ഫെയ്‌സ്ബുക്കിൽ കുറിച്ച ഈ ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. പുതുമുഖ നടനായ മനോജിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ആണ് മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ: “ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ്. മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല താരങ്ങൾ. വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന, എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന… ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം. നമ്മുടെ ലാലേട്ടൻ. അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി, ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല. പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല. അഭിമാനത്തോടെ ഞാൻ പറയും. ഇത് മഹാനടൻ മാത്രമല്ല, മഹാ മനുഷ്യത്വവുമാണ്.. ഒരെയൊരു മോഹൻലാൽ”