in ,

വില്ലൻ മ്യൂസിക് റിവ്യൂ: ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ഫോർ മ്യൂസിക്സ് വീണ്ടും!

വില്ലൻ മ്യൂസിക് റിവ്യൂ: ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ഫോർ മ്യൂസിക്സ് വീണ്ടും!

കഴിഞ്ഞ വർഷം മോഹൻലാൽ -പ്രിയദർശൻ ടീമിന്റെ ഒപ്പം എന്ന ചിത്രം നേടിയ മഹാവിജയത്തിൽ ഒരു പ്രധാന പങ്കു വഹിച്ചത് അതിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആയിരുന്നു. മിനുങ്ങും മിന്നാമിനുങ്ങേ, ചിന്നമ്മ അടി കുഞ്ഞി പെണ്ണമ്മ തുടങ്ങിയ ഗാനങ്ങൾ മലയാള സിനിമയിലെ എക്കാലത്തെയും വലിയ മ്യൂസിക്കൽ ഹിറ്റുകളിൽ ഉൾപെട്ടപ്പോൾ അതിനോടൊപ്പം പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടിയത് ഒപ്പത്തിന് സംഗീതം ഒരുക്കിയ ടീം ഫോർ മ്യൂസിക്സ് ആണ്. അതോടൊപ്പം അവർക്കു മേലുള്ള പ്രേക്ഷക പ്രതീക്ഷയും വർധിച്ചു എന്ന് വേണം പറയാൻ. അതുകൊണ്ട് കൂടി ആണ് വില്ലൻ എന്ന മലയാള ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ആകാന്‍ മലയാളി പ്രേക്ഷകർ ഏറ്റവും അധികം കാത്തിരുന്നത്. കാത്തിരിപ്പിനൊടുവിൽ ടീം ഫോർ മ്യൂസിക്സ് സംഗീത സംവിധാനം നിർവഹിച്ച വില്ലൻ എന്ന മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലെ ഗാനങ്ങൾ ഇന്ന് റിലീസ് ആയി. നമ്മുക്ക് ആ ഗാനങ്ങളിലേക്കു ഒന്ന് കണ്ണോടിക്കാം.

 

  1. കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ …

വില്ലൻ മ്യൂസിക് റിവ്യൂ

മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ യേശുദാസ് ആലപിച്ച ഈ ഗാനം ആണ് ഈ ആൽബത്തിലെ ആദ്യത്തെ ഗാനം.  യേശുദാസിന്റെ ശബ്ദം മാത്രം മതി നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോകാൻ എന്നിരിക്കെ മനോഹരമായ ഒരു ഈണം കൂടിയൊരുക്കി ടീം ഫോർ മ്യൂസിക്സ് ഈ പാട്ടിനെ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിച്ചു എന്ന് പറയാം.  ബി കെ ഹരി നാരായണൻ എഴുതിയ വരികൾ കാവ്യാത്മകവും അതുപോലെ മനസ്സിലെ ഓർമകളെ തൊട്ടുണർത്തുന്നതുമായിരുന്നു. ഒപ്പം എന്ന ചിത്രത്തിലും ചിന്നമ്മ എന്ന ഗാനം ഇവർ ഒരുക്കിയപ്പോൾ തൊണ്ണൂറുകളിലെ ഗാനങ്ങൾക്ക് ഉണ്ടായിരുന്ന സവിശേഷത അതിനുണ്ടായിരുന്നു. വലിയ ബഹളങ്ങൾ ഇല്ലാത്ത, മനസ്സിനെ മൃദുവായി സ്പർശിക്കുന്ന ഈണം. ഈ ഗാനവും ആ കൂട്ടത്തിൽ പെടുന്ന ഒന്നാണ്.

 

2. പതിയെ നീ….

വില്ലൻ മ്യൂസിക് റിവ്യൂ

ഈ ആൽബത്തിലെ രണ്ടാമത്തെ ഗാനം… ഹരിത ബാലകൃഷ്ണൻ ആലപിച്ച ഈ ഗാനം ആണ് ഈ ആൽബത്തിലെ ഏറ്റവും മികച്ച ഗാനം എന്ന് നിസംശയം പറയാം. കാതിനും മനസ്സിനും സുഖം പകരുന്ന ഒരു പ്രണയ ഗാനം. ഹൃദമിടിപ്പിനൊപ്പം തുടിക്കുന്ന ഒരു സംഗീത ശൈലിയാണ് ഈ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന പോലെ തോന്നുന്നു. വളരെ ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെ ആണ് ഈ ഗാനവും സഞ്ചരിക്കുന്നത് . ആ പുഴയിൽ ഇടക്കുണ്ടാകുന്ന ഓളങ്ങൾ പോലെ സംഗീതത്തിൽ ഏറ്റ കുറച്ചിലുകൾ വരുത്തി പ്രേക്ഷകരുടെ മനസ്സിലേക്ക് ഈ ഗാനത്തെ ഒഴുക്കി വിട്ടിട്ടുണ്ട് സംഗീത സംവിധായകർ. ഹരിത ബാലകൃഷ്ണന്റെ ശബ്ദം ഈ ഗാനത്തെ ഏറ്റവും മനോഹരമാക്കി മാറ്റി. അത്ര ഫീൽ തന്റെ ശബ്ദത്തിലൂടെ നല്കാൻ ഹരിതക്കു ആയിട്ടുണ്ട്. ബി കെ ഹരിനാരായണന്റെ വരികൾ ഒരിക്കൽ കൂടി മനസ്സിൽ തൊട്ടു എന്ന് പറയാം.

 

3. അങ്ങകലെ…

വില്ലൻ മ്യൂസിക് റിവ്യൂ

ആദ്യ രണ്ടു ഗാനങ്ങളുടെ നിലവാരം പുലർത്തി എന്ന് പറയാൻ ആയില്ലെങ്കിലും ഈ ഗാനവും മോശമായില്ല എന്ന് പറയാം. റോക്ക് മ്യൂസിക് കൂടുതൽ ഇഷ്ട്ടപെടുന്നവർക്കു ചിലപ്പോൾ ഈ ഗാനം കൂടുതൽ ആശ്വസിക്കാൻ പറ്റുമായിരിക്കും. പാശ്ചാത്യ ശൈലിയിൽ ഒരുക്കിയ ഈ ഗാനം ശ്രദ്ധ നേടണം എങ്കിൽ ഇതിലെ ദൃശ്യങ്ങൾ അതുപോലെ ആവേശകരമായിരിക്കണം. അങ്ങനെ ദൃശ്യങ്ങളുടെ സഹായത്തോടെ ചിലപ്പോൾ ശ്രദ്ധ നേടാൻ സാധ്യതയുള്ള ഒരു ഗാനമാണിത്. നിരഞ്ച് സുരേഷ്, ശക്തിശ്രീ എന്നിവർ ആലപിച്ച ഈ ഗാനം രചിച്ചത് എങ്ങാണ്ടിയൂർ ചന്ദ്രശേഖരൻ ആണ്.

 

4. വില്ലൻ പ്രോമോ സോങ് ..

വില്ലൻ മ്യൂസിക് റിവ്യൂ

ഇത്  ചിത്രത്തിന്റെ പ്രോമോ സോങ് ആണ്.  ടൈറ്റിൽ കഥാപാത്രത്തെ അല്ലെങ്കിൽ ചിത്രത്തെ വർണ്ണിക്കുന്ന ഒരു ഗാനം എന്ന  നിലയിൽ ആവേശകരമായ ഒരീണം പകർന്നു നല്കാൻ സംഗീത സംവിധായകർക്ക് കഴിഞ്ഞിട്ടുണ്ട്. മോഹൻലാലിൻറെ ശബ്ദത്തിൽ ഉള്ള ഡയലോഗുകളും ഈ ഗാനത്തിൽ ഉൾപ്പെടുത്തിയത് ഗാനത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. യുവാക്കളെ ആകർഷിക്കുന്ന ഒരു ഫാസ്റ്റ് നമ്പർ ആണിത്. അറിയാതെ ചുവടു വെച്ച് പോകുന്ന ഒരു ചടുല താളം ഈ ഗാനത്തിന് പകർന്നു നല്കാൻ സാധിച്ചിട്ടുണ്ട് സംഗീത സംവിധായകർക്ക് . രാശി ഖന്ന , നിരഞ്ച് സുരേഷ് എന്നിവർ ആലപിച്ച ഈ ഗാനവും രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്.

 

5. കണ്ടിട്ടും കണ്ടിട്ടും (സിതാര ബാലകൃഷ്ണൻ)

വില്ലൻ മ്യൂസിക് റിവ്യൂ

കണ്ടിട്ടും കണ്ടിട്ടും എന്ന ഗാനത്തിന്റെ സിതാര ബാലകൃഷ്ണൻ പാടിയ ഒരു മനോഹരമായ വേർഷനും കൂടി ഈ ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിം ജേക്കബ്, ബീബി മാത്യു, എൽദോസ് ഏലിയാസ്, ജസ്റ്റിൻ ജെയിംസ് എന്നിവർ ചേർന്നതാണ് ടീം ഫോർ മ്യൂസിക്സ്. ഒപ്പത്തിലെ ഗാനങ്ങൾ  ഉണ്ടാക്കിയ ഓളം വില്ലനിലെ  ഗാനങ്ങൾ ഉണ്ടാക്കുമോ എന്ന് ഇനി വരും ദിവസങ്ങൾ നമ്മുക്ക് കാണിച്ചു തരേണ്ട കാര്യം ആണ്. പക്ഷെ ടീം ഫോർ മ്യൂസിക്സ് നിരാശപ്പെടുത്തിയിട്ടില്ല എന്ന് മാത്രമല്ല ഹൃദയത്തോട് ചേർക്കാൻ പറ്റുന്ന രണ്ടു മനോഹര ഗാനങ്ങൾ സമ്മാനിച്ചിട്ടും ഉണ്ട്.

 

കേള്‍ക്കാം ‘വില്ലന്‍’ ഗാനങ്ങള്‍:

ദൃശ്യം ചൈനീസ്

ഇനി ദൃശ്യം ചൈനീസ് സംസാരിക്കും; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് മോഹൻലാലിന്‍റെ “ദൃശ്യ” വിസ്മയം!

വില്ലന്‍ വേട്ട തുടങ്ങി; സാറ്റലൈറ്റ് റെക്കോര്‍ഡ്‌ കൈപ്പിടിയിലൊതുക്കി മാത്യു മാഞ്ഞൂരാന്‍!