‘ഹൃദയം’ കീഴടക്കിയ വർഷം; 2022ലെ ഒന്നാമൻ പ്രണവ് – വിനീത് ചിത്രം…
കോവിഡ് കാലത്തിന് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമായ വർഷമാണ് 2022. നിരവധി ചിത്രങ്ങൾ ചർച്ചയായ ഈ വർഷം ജനങ്ങൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ ചിത്രങ്ങൾ ഏതാവും എന്ന് അറിയാൻ പ്രേക്ഷകർക്ക് വളരെ ആകാംക്ഷ ഉണ്ടാവും എന്നത് തീർച്ച. ഇപ്പോൾ ആ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുക ആണ്. വിവിധ ഭാഷാ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ അഞ്ച് ചിത്രങ്ങളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. മലയാളത്തിൽ ഒന്നാം സ്ഥാനത്ത് വന്നിരിക്കുന്നത് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘ഹൃദയം’ ആണ്.
2021 അവസാനത്തോട് കൂടി തിയേറ്ററുകൾ തുറന്നിരുന്നു എങ്കിലും 2022ന്റെ തുടക്കത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തിയേറ്റർ വ്യവസായം പോകും എന്ന സ്ഥിതിയിൽ ആയിരുന്നു ഹൃദയം തിയേറ്ററുകളിൽ എത്തിയത്. വിവിധ ജില്ലകളും ഞായർ ലോക്ക്ഡൗണും ഒക്കെ ഭീഷണി ആയി എത്തിയെങ്കിലും മറ്റ് ചിത്രങ്ങൾ റിലീസ് നീട്ടിയപ്പോൾ ഹൃദയം ടീം ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. വളരെ മികച്ച പ്രതികരണങ്ങൾ നേടി ഹൃദയം തിയേറ്റർ വ്യവസായത്തിന് കരുത്തേക്കി. പ്രേക്ഷകർക്കിടയിൽ ഹൃദയം ചർച്ചയായി മാറി. ഗൂഗിൾ സേർച്ചിലും അത് പ്രതിഫലിച്ചതിനാൽ ആണ് ചിത്രം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചത് മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം ആണ്. അമൽ നീരദ് ഒരുക്കിയ ഈ ചിത്രവും തിയേറ്ററുകളിൽ തരംഗമായി മാറിയ ചിത്രമാണ്. ആദ്യമായി അൻപത് കോടി ക്ലബിൽ ഇടം നേടിയ മമ്മൂട്ടി ചിത്രമായി ഭീഷ്മ പർവ്വം മാറുകയും ചെയ്തു. പൃഥ്വിരാജ് ചിത്രങ്ങളായ ജന ഗണ മന, കടുവ എന്നിവയും ടോവിനോ തോമസ് നായകനായി എത്തിയ ഒടിടി ചിത്രം മിന്നൽ മുരളിയും ആണ് ലിസ്റ്റിൽ ഇടം നേടിയ മറ്റ് ചിത്രങ്ങൾ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയ്ക്ക് മൂന്നാം സ്ഥാനവും ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയ്ക്ക് നാലാം സ്ഥാനവും ആണ് ലഭിച്ചത്. സംവിധായക ഷാജി കൈലാസിന് ഗംഭീര തിരിച്ചുവരവ് നൽകിയ കടുവ എന്ന ചിത്രം അഞ്ചാം സ്ഥാനത്ത് ആണ്.
An absolute delight to spot #Hridayam topping Google's list of the Most Searched Malayalam Films of 2022! What an epic journey this has been! ♥️#Google #MostSearchedFilms pic.twitter.com/2BaMmRCrLi
— Hridayam (@HridayamTheFilm) December 8, 2022