‘ജയ ജയ ജയ ജയ ഹേ’ തരംഗം ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു…

നിരവധി റിലീസ് ചിത്രങ്ങൾ വന്നിട്ടും അതിശക്തമായി തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടർന്ന് വമ്പൻ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ദർശന രാജേന്ദ്രനും ബേസിൽ ജോസഫും കേന്ദ്രകഥാപാത്രങ്ങളായ ചിത്രം വിപിൻ ദാസ് ആയിരുന്നു സംവിധാനം ചെയ്തത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രം പ്രേക്ഷകരെയും നിരൂപകരെയും ഒരേ പോലെ സംതൃപ്തിപ്പെടുത്തിയതോടെ ബോക്ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുക ആയിരുന്നു. ഒരു കുഞ്ഞ് ചിത്രം വേഡ് ഓഫ് മൗത്ത് പബ്ലിസിറ്റിയിലൂടെ മഹാ വിജയം കൊയ്തതിന് ബോക്സ് ഓഫീസ് സാക്ഷ്യം വഹിച്ചു. ഈ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യറായിരിക്കുക ആണ്. ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം സ്‌ട്രീം ചെയ്യുക. കഴിഞ്ഞ ദിവസം ഇക്കാര്യം ഔദ്യോഗികമായി സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഹോട്ട്സ്റ്റാർ പ്രേക്ഷകരെ അറിയിച്ചിരുന്നു. ഇന്ന് ചിത്രത്തിന്റെ റിലീസ് തീയതിയും ഹോട്ട്സ്റ്റാർ പുറത്തുവിട്ടിരിക്കുക ആണ്.
ചിത്രം ഡിസംബർ 22ന് ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സ്‌ട്രീം ചെയ്തു തുടങ്ങും എന്നാണ് ഔദ്യോഗിക അറിയിപ്പ്. നിലവിൽ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്റർ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ ആണ് സ്‌ട്രീം ചെയ്യുന്നത്. ഈ രണ്ട് ചിത്രങ്ങളെയും ഉൾപ്പെടുത്തി ഒരു സ്‌പെഷ്യൽ പോസ്റ്റർ ഒടിടി പ്ലാറ്റ്ഫോം പുറത്തുവിട്ടിട്ടുണ്ട്. ഡബിൾ ഡെക്കർ ഡിസംബർ എന്ന ക്യാപ്ഷൻ നൽകിയ പോസ്റ്റർ ആണ് തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ റോഷാക്കും ഹോട്ട്സ്റ്റാറിൽ ആയിരുന്നു ഒടിടി റിലീസ് ആയി എത്തിയത്. ഈ വർഷത്തെ മെഗാഹിറ്റ് ചിത്രങ്ങളായ ഹൃദയം, ഭീഷ്മ പർവ്വം എന്നിവയും ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ഒടിടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി മോഹൻലാലിന്റെ ബ്രോ ഡാഡി, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങളും ഹോട്ട്സ്റ്റാർ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നു.
Double Decker December running now on Disney+Hotstar#JayaJayaJayaJayaHeyOnDisneyPlusHotstar #MonsterOnDisneyPlusHotstar #DisneyPlusHotstarMalayalam #BasilJoseph #DarshanaRajendran #Mohanlal pic.twitter.com/knjlKMSLsX
— DisneyPlus Hotstar Malayalam (@DisneyplusHSMal) December 8, 2022