ദളപതിയ്ക്ക് 29 വയസ്; ആഘോഷമാക്കാൻ ആറ് ജില്ലകളില്‍ വിജയ് ഹിറ്റുകൾ റീ റിലീസിന്…

ഈ വർഷം ആദ്യം തിയേറ്ററുകൾ തുറന്നപ്പോൾ എത്തിയ പ്രധാന റിലീസുകളിൽ ഒന്ന് ദളപതി വിജയുടെ മാസ്റ്റർ ആയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം തീയേറ്ററുകൾ അടച്ചതിന് ശേഷം ആദ്യമായി തിയേറ്ററുകൾ തുറന്നപ്പോൾ മലയാളികൾ ആഘോഷമാക്കിയത് ഈ വിജയ് ചിത്രത്തിലൂടെ ആയിരുന്നു. പ്രേക്ഷകരെ തിയേറ്ററുകളിൽ എത്തിക്കാനും വലിയ വിജയം നേടാനും ചിത്രത്തിന് ആയി.
അന്യഭാഷാ താരമായല്ല കേരളത്തിന്റെ സ്വന്തം താരമായി ആണ് മലയാളികൾ വിജയെ കാണുന്നത്. അത് കൊണ്ട് തന്നെ തമിഴിൽ എന്നപോലെ വിജയ് ചിത്രങ്ങൾ ഇവിടെയും ആഘോഷമായി ആണ് റിലീസ് ചെയ്യുന്നത്.

വിജയുടെ പിറന്നാളിനും മറ്റും വിജയുടെ ഹിറ്റ് ചിത്രങ്ങൾ ആരാധകർ കേരളത്തിൽ റീ റിലീസുകൾ ചെയ്യാറുണ്ട്. കോവിഡ് പ്രതിസന്ധി കാരണം തിയേറ്ററുകൾ അടഞ്ഞു കിടന്നത് കൊണ്ട് ഇത്തവണ വലിയ ആഘോഷങ്ങൾ നടത്താൻ കഴിഞ്ഞില്ല.
ഇപ്പോൾ തിയേറ്ററുകൾ വീണ്ടും തുറന്ന് സജീവമായിരിക്കുക ആണ്. വരുന്ന ഡിസംബർ 4ന് വിജയ് സിനിമയിൽ എത്തിയിട്ട് 29 വർഷങ്ങൾ തികയുക കൂടി ആണ്. ഇത് കണക്കിൽ എടുത്തു വിജയുടെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ റീ റിലീസ് ചെയ്ത് ആഘോഷമാക്കാൻ ഒരുങ്ങുക ആണ് ആരാധകർ.

ഇതിനോടകം തന്നെ തിയേറ്റർ തുറന്നതിന് ശേഷം കേരളത്തിൽ വിവിധ ഇടങ്ങളിൽ വിജയ് ആരാധകർ ഹിറ്റ് ചിത്രങ്ങളുടെ സ്‌പെഷ്യൽ ഫാൻസ് ഷോകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ച എന്നോണം ഈ വരുന്ന നവംബർ അവസാന ആഴ്ചയിലും ഡിസംബറിലുമായി വിജയ് ചിത്രങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിൽ റീ റീലീസ് ചെയ്യാൻ ആണ് ആരാധകർ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ ലഭിച്ച വിവരം അനുസരിച്ചു ആറ് ജില്ലകളിൽ വിജയ് ചിത്രങ്ങൾ റീ റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഗില്ലി, പോക്കിരി, കുരുവി, വേട്ടൈക്കാരൻ, കത്തി തുടങ്ങിയ ചിത്രങ്ങൾ ആണ് റീ റിലീസിന് തയ്യാറായി നിൽക്കുന്നത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, കണ്ണൂർ എന്നീ ആറ് ജില്ലകളിലായി ആണ് ഈ ചിത്രങ്ങളുടെ സ്‌പെഷ്യൽ ഫാൻസ് ഷോ നടക്കുന്നത്.

പാലക്കാട് അരോമ തീയേറ്റർ ആണ് ഗില്ലി റീ റീലീസ് ചെയ്യുന്ന ഒരു സെന്റർ. ഇവിടെ ഡിസംബർ 19ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ആണ് ഗില്ലി പ്രദർശിപ്പിക്കുന്നത്. നവംബർ 28ന് ആലപ്പുഴ ജില്ലയിലെ മവേലിക്കരയിൽ സാന്ദ്രയിലും ഗില്ലി സ്‌പെഷ്യൽ ഫാൻസ് ഷോ ഉണ്ട്. ഡിസംബർ 26ന് പാലക്കാട് പുതുനഗരത്തിലും ഒരു വിജയ് ചിത്രം റീ റീലീസ് ചെയ്യും. ചിത്രം ഏതെന്ന് പിന്നീട് പ്രഖ്യാപിക്കും.

ലിബർട്ടി കോംപ്ലസ് തലശേരിയിൽ നവംബർ 28ന് വേട്ടൈകാരൻ . കത്തി സ്‌പെഷ്യൽ ഷോ നവംബർ 28ന് പത്തനംതിട്ടയിൽ ധന്യ രമ്യയിലും കൊല്ലത്ത് പാരിപ്പള്ളിയിൽ രേവതി സിനിമാക്‌സിലും നടക്കും.
ഇടുക്കി ജില്ലയിൽ ഡിസംബർ 5ന് കട്ടപ്പനയിലെ ഐശ്വര്യ സിനിമാസിലും കോട്ടയം ജില്ലയിൽ ആർ ഡി സിനിമാസ്, മുണ്ടക്കയത്തും ആണ് പോക്കിരി ഫാൻസ് ഷോ നടക്കുന്നത്.
ഇത്തരത്തിൽ വിവിധ ഇടങ്ങളിൽ വിജയ് ഹിറ്റ് ചിത്രങ്ങളുടെ സ്‌പെഷ്യൽ ഫാൻസ് ഷോ നടത്തി പ്രിയ താരത്തിന്റെ സിനിമാ അരങ്ങേറ്റത്തിന്റെ 29 വർഷങ്ങൾ ആഘോഷമാക്കാൻ തയ്യാർ എടുക്കുക ആണ് ആരാധകർ. സൺ പിക്ചേഴ്‌സ് നിർമ്മിച്ചു നെൽസൺ സംവിധാനം ചെയ്യുന്ന ബീസ്റ്റ് ആണ് വിജയുടെ അടുത്തതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.