കോട്ടില്‍ നിന്ന് ധോത്തിയിലേക്ക് വന്നാല്‍ ആള് മാസ്; ‘എതർക്കും തുനിന്തവൻ’ ട്രെയിലർ…

സൂര്യയെ നായകനാക്കി പാണ്ഡിരാജ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘എതർക്കും തുനിന്നവൻ’. ഇറ്റി എന്നും അറിയപ്പെടുന്ന ഈ ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി ആണ് എത്തുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലർ സൺ പിക്ചേഴ്സ് പുറത്തിറക്കി.
സൂപ്പര്‍താര പരിവേഷത്തോടെ സൂര്യയെ വീണ്ടും എത്തിക്കുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍ ചിത്രം ആരാധകര്‍ക്ക് ഒരു വിരുന്ന് ഒരുക്കും എന്നാണ്. തമാശയും വൈകാരികതയുംകിടിലന്‍ ആക്ഷന്‍ രംഗങ്ങളും എല്ലാം ഉള്‍പ്പെടുന്ന ഒരു കമ്പ്ലീറ്റ് പാക്കേജ് ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. ട്രെയിലര്‍ കാണാം:
അവന്‍ ഒരു ശാസ്ത്രജ്ഞനാകാൻ ആഗ്രഹിച്ചു, എന്നാൽ ‘സമയവും ദൈവവും’ അവൻ മറ്റെന്തെങ്കിലും ആകണമെന്ന് ആഗ്രഹിച്ചു എന്ന സംഭാഷണത്തോടെ ആണ് ട്രെയിലര്‍ ആരംഭിക്കുന്നത്. താൻ കോട്ട് ധരിക്കുമ്പോൾ മറ്റാരോ ആണ് ജഡ്ജിയെന്നും എന്നാൽ ധോത്തി ധരിക്കുമ്പോൾ താൻ തന്നെയാണ് ജഡ്ജി എന്നും സൂര്യയുടെ കഥാപാത്രം ട്രെയിലറിൽ പറയുന്നുണ്ട്. ട്രെയിലറിൽ ആക്ഷൻ രംഗങ്ങൾക്ക് ഒപ്പം തന്നെ കുടുംബ രംഗങ്ങളും പ്രണയ രംഗങ്ങളും ഒക്കെ നിറയുന്നുണ്ട്. ഒരു സാധാരണ വ്യക്തിയ്ക്ക് നീതി കിട്ടാത്ത അവസരത്തിലുള്ള പോരാട്ടം ആണ് ചിത്രത്തിൽ ഉണ്ടാവുക എന്ന് ട്രെയിലർ പറയുന്നുണ്ട്.
സൂര്യയുടെ നാല്പതാമത്തെ ചിത്രമെന്ന പ്രത്യകതയോടെ ആണ് ചിത്രം എത്തുന്നത്. പ്രിയങ്ക അരുൾ മോഹൻ ആണ് ചിത്രത്തില്‍ സൂര്യയുടെ നായിക ആയി എത്തുന്നത്. വിനത് റായ് വില്ലൻ വേഷത്തിൽ എത്തുന്നു. സത്യരാജ്, സുരി, ശരണ്യ പൊൻവണ്ണൻ എന്നിവർ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മനാണ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആർ രത്നവേലുവാണ് ഛായാഗ്രാഹകൻ. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. മാർച്ച് പത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും.