ദിലീപിന്‍റെ പ്രൊഫസര്‍ ഡിങ്കന് ത്രീഡി വിസ്മയമൊരുക്കാൻ എന്തിരൻ ടീം!
ജനപ്രിയ നായകന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കമ്മാര സംഭവം നാളെ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് ശേഷം ദിലീപിന്റേതായി ഒരുങ്ങുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കൻ. മാജിക് അടിസ്ഥാനമാക്കി ത്രീഡിയിൽ ഒരുക്കുന്ന ഈ ചിത്രത്തിന് ത്രീഡി വിസ്മയമൊരുക്കാൻ എത്തുന്നത് എന്തിരൻ 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വി എഫ് എക്സും ത്രീഡിയും ഒരുക്കിയ ടീം എന്ന് സൂചന.
ശങ്കർ സംവിധാനം ചെയ്ത രജനികാന്ത്- അക്ഷയ് കുമാർ ചിത്രമായ എന്തിരൻ 2 ഇത് വരെ തീയേറ്ററുകളിൽ എത്തിയിട്ടില്ല. ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായി ഒരുക്കിയ എന്തിരൻ 2 ഇതുവരെ ഇന്ത്യൻ സിനിമ കാണാത്ത തരത്തിലുള്ള ത്രീഡി വിസ്മയമാണ് ഒരുക്കുന്നതെന്നാണ് സൂചന. അതേ ടീം തന്നെയാണ് ദിലീപിന്‍റെ പ്രൊഫസര്‍ ഡിങ്കനും ചെയ്യുന്നത് എങ്കിൽ മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കാൻ കഴിവുള്ള ഒരു ചിത്രമായി മാറും ഈ ദിലീപ് ചിത്രം എന്ന് ഉറപ്പാണ്.
മാർച്ച് അവസാനം ചിത്രീകരണം പുനരാരംഭിച്ച പ്രൊഫസര്‍ ഡിങ്കൻ, ഈ വർഷം ഓണത്തിനോ അല്ലെങ്കിൽ ക്രിസ്മസിനോ ആയിരിക്കും തീയേറ്ററുകളിൽ എത്തുക. പ്രശസ്ത ക്യാമറമാനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സംവിധായകനും രചയിതാവുമായ റാഫി ആണ്. നമിത പ്രമോദ് നായിക ആയെത്തുന്ന ഈ ചിത്രത്തിൽ റാഫിയും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.
ന്യൂ ടിവിയുടെ ബാനറിൽ സനൽ തോട്ടം ആണ് ഈ ബിഗ് ബജറ്റ് എന്റെർറ്റൈനെർ നിർമ്മിക്കുന്നത്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സംവിധായകൻ രാമചന്ദ്ര ബാബു തന്നെയാണ് ഈ ചിത്രത്തിന് ദൃശ്യങ്ങളും ഒരുക്കുന്നത്.