in , ,

ശത്രുപാളയത്തിലെ ഇന്ത്യൻ ചാരൻ; ആകാംക്ഷയുണർത്തി രൺവീറിന്റെ ‘ധുരന്ധർ ദ റിവഞ്ച്’ ട്രെയിലർ

ശത്രുപാളയത്തിലെ ഇന്ത്യൻ ചാരൻ; ആകാംക്ഷയുണർത്തി രൺവീറിന്റെ ‘ധുരന്ധർ ദ റിവഞ്ച്’ ട്രെയിലർ

ഇന്ത്യൻ സിനിമാലോകം ഏറെ കാത്തിരിക്കുന്ന രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ ദ റിവഞ്ച്’ (Dhurandhar The Revenge) ട്രെയിലർ പുറത്തിറങ്ങി. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ സ്പൈ ആക്ഷൻ ത്രില്ലർ, ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2026 മാർച്ച് 19-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

ജസ്‌കിരത് സിംഗ് രംഗി എന്ന കഥാപാത്രമായി രൺവീർ സിംഗ് എത്തുമ്പോൾ, അദ്ദേഹം ഹംസ അലി മസാരി എന്ന മറ്റൊരു വ്യക്തിത്വത്തിലേക്ക് മാറാൻ നിർബന്ധിതനാകുന്ന സാഹചര്യങ്ങളാണ് രണ്ടാം ഭാഗത്തിന്റെ പ്രധാന പ്രമേയം. പാകിസ്താനിൽ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചാരന്റെ ജീവിതത്തിലെ പ്രതിസന്ധികളും പോരാട്ടങ്ങളുമാണ് ചിത്രം വരച്ചുകാട്ടുന്നത്. ജസ്‌കിരത്, ഹംസ എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ രൺവീർ എത്തുന്ന ട്രെയിലർ മികച്ച ആക്ഷൻ രംഗങ്ങൾക്കൊണ്ടും മൂർച്ചയേറിയ ഡയലോഗുകൾക്കൊണ്ടും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചരിത്രത്തിന്റെ താളുകളിൽ ഇടംനേടാതെ പോയ ചില അജ്ഞാത നായകന്മാരുടെ ജീവൻമരണ പോരാട്ടത്തിന്റെ കഥ കൂടിയാണിത്.

വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തന്ത്രശാലിയായ അജയ് സന്യാൽ ആയി ആർ മാധവനും, ഐഎസ്ഐ മേജർ ഇഖ്ബാലായി അർജുൻ രാംപാലും എത്തുമ്പോൾ, എസ്പി ചൗധരി അസ്ലാം എന്ന ശക്തമായ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരും ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ രചനയും സംവിധാനവും ആദിത്യ ധർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ മെഗാ മാസ്സ് ആക്ഷൻ ത്രില്ലർ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യ തലത്തിലാണ് റിലീസ് ചെയ്യുന്നത്. ഈദ്, ഗുഡി പഡ്വ, ഉഗാദി തുടങ്ങിയ വിശേഷദിവസങ്ങളോട് അനുബന്ധിച്ചാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പിആർഒ – ശബരി.

രാം ചരൺ ചിത്രം ‘പെദ്ധി’യിലെ പുതിയ ഗാനം പുറത്തിറങ്ങി

“എൻഡ് ക്രെഡിറ്റ് മിസ്സാക്കരുത്, സ്പോയിലറുകൾ പങ്കുവെക്കരുത്”; ‘ധുരന്ധർ ദ റിവഞ്ച്’ പ്രേക്ഷകരോട് സംവിധായകൻ ആദിത്യ ധർ