ബോളിവുഡിൻ്റെ റെക്കോർഡ് റിലീസായി സിക്കന്ദർ വന്നിട്ടും എമ്പുരാന് തന്നെ ഈ വർഷത്തെ ഓപ്പണിംഗ് റെക്കോർഡ്!

ബോളിവുഡ് സൂപ്പർതാരത്തിൻ്റെ റെക്കോർഡ് റിലീസിനും തകർക്കാൻ സാധിക്കാതെ മോഹൻലാൽ നായകനായ എമ്പുരാൻ്റെ ഓപ്പണിംഗ് ഡേ റെക്കോർഡ്. മാർച്ച് 27 ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം ലഭിച്ച ആഗോള ഗ്രോസ് 67 കോടിക്ക് മുകളിലാണ്. എന്നാല് മാർച്ച് 30 നെത്തിയ സൽമാൻ ഖാൻ ചിത്രമായ സിക്കന്ദർ റെക്കോർഡ് റിലീസായി എത്തിയിട്ടും നേടാൻ സാധിച്ചത് 41 കോടിയോളം മാത്രമാണ്.
ആദ്യ ദിനം 22000 ത്തിലധികം ഷോകളാണ് സൽമാൻ ഖാൻ ചിത്രം കളിച്ചത്. 5500 ൽ കൂടുതൽ സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതിൻ്റെ പകുതിയിൽ താഴെ മാത്രം ഷോകളും സ്ക്രീനുകളും വെച്ചാണ് മോഹൻലാൽ ചിത്രം റെക്കോർഡ് ഓപ്പണിംഗ് സ്വന്തമാക്കിയത്. ആദ്യ വീക്കെൻഡ് കഴിയുമ്പോൾ എമ്പുരാൻ സ്വന്തമാക്കിയത് 175 കോടി ആഗോള ഗ്രോസ് ആണ്. 64 കോടി ആഗോള വീക്കെൻഡ് കളക്ഷൻ നേടിയ ആട് ജീവിതത്തിൻ്റെ മോളിവുഡ് റെക്കോർഡ് ആണ് എമ്പുരാൻ 111 കോടി മാർജിനിൽ മറികടന്നത്. ഇന്ത്യയിൽ നിന്ന് 67.36 കോടിയും ഓവർസീസിൽ നിന്ന് 108.2 കോടിയും ആണ് എമ്പുരാൻ 4 ദിവസം കൊണ്ട് നേടിയത്.

അതിനൊപ്പം ആഗോള ബോക്സ് ഓഫീസിൽ ഹോളിവുഡ് ചിത്രങ്ങൾക്കൊപ്പം സ്ഥാനം പിടിച്ചുകൊണ്ടും ഈ മോഹൻലാൽ ചിത്രം ചരിത്രം കുറിച്ചു. കോംസ്കോർ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ മാർച്ച് അവസാന വാരത്തിൽ 19 മില്യൺ ഡോളർ കളക്ഷനുമായി മൂന്നാം സ്ഥാനത്ത് ആണ് എമ്പുരാൻ. അഞ്ചാം ദിനം 200 കോടി ക്ലബിൽ സ്ഥാനം ഉറപ്പിച്ച ചിത്രം കേരളത്തിൽ നിന്ന് മാത്രം ഏറ്റവും വേഗത്തിൽ 50 കോടി ഗ്രോസ് നേടുന്ന ചിത്രവും ആയി.
ആഗോള ഗ്രോസിൽ മഞ്ഞുമ്മൽ ബോയ്സിന് മാത്രം താഴെയുള്ള എമ്പുരാൻ വൈകാതെ തന്നെ മലയാളത്തിലെ ഓൾ ടൈം ബെസ്റ്റ് ഗ്രോസർ ആയി മാറുമെന്നാണ് സൂചന. പൃഥ്വിരാജ് ഒരുക്കിയ ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമിച്ചത് ആശീർവാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ്. ബ്ലോക്ബസ്റ്റർ ഹിറ്റ് ആയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
Content Summary: Despite Sikandar’s Bollywood Record Release, Empuraan Holds This Year’s Opening Record!