ദസറ ടീമിന്റെ ‘ദ പാരഡൈസ്’; നാനി – ശ്രീകാന്ത് ഒഡേല ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്…

ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി – ശ്രീകാന്ത് ഒഡേല ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘ദ പാരഡൈസ്’ എന്നാണ് ചിത്രത്തിന്റെ പേര്. സറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറി ആണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് നിർമ്മാണം.
‘ദ പാരഡൈസ്’ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. തോക്കുകളും, രക്തച്ചൊരിച്ചിലും, പ്രശസ്തമായ ചാർമിനാറും ഉൾകൊള്ളുന്ന പോസ്റ്റർ അക്രമവും അധികാരവും പ്രധാന ഘടകങ്ങളായ ഒരു ശക്തിയേറിയ കഥയിലേക്ക് വിരൽ ചൂണ്ടുന്നു. വളരെ തീവ്രവും അമാനുഷികത നിറഞ്ഞതുമായ കഥാപാത്രമായിട്ട് നാനി ഈ ആക്ഷൻ ചിത്രത്തിൽ എത്തും എന്ന സൂചനയും പോസ്റ്റർ തരുന്നുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി ശാരീരികമായികൂടി വലിയ പരിവർത്തനത്തിനാണ് നാനി തയ്യാറെടുക്കുന്നത്.

ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ പാരഡൈസ്’ ഒരുങ്ങുന്നത്. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തും. രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.