വെല്ലുവിളി നിറഞ്ഞ കഥാപാത്രവുമായി അനുഷ്ക ഷെട്ടി, ‘ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്ക ഷെട്ടിയും ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയും ഒന്നിക്കുന്ന ‘ഘാട്ടി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്കയുടെ നാലാമത്തെ ചിത്രമാണ് ഇത്.
തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ചൊരിഞ്ഞ് ചുരുട്ട് വലിച്ചു കൊണ്ടാണ് അനുഷ്കയുടെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ജീവിതത്തിലെ ക്രൂരമായ യാഥാർത്ഥ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാത്ത ഒരു ചിത്രമായിരിക്കും ഘാട്ടിയെന്നു പോസ്റ്റർ സൂചിപ്പിക്കുന്നുണ്ട്. നായിക കഥാപാത്രം ജീവിക്കുന്ന ഇരുണ്ടതും അപകടകരവുമായ ലോകത്തേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്ന കഥയാവും ചിത്രം പറയുകയെന്നും ഈ ഫസ്റ്റ് ലുക്ക് സൂചന തരുന്നു. ഫസ്റ്റ് ലുക്ക്:

അതിജീവനത്തിന് പ്രതിരോധശേഷി മാത്രമല്ല, ഒരു പ്രത്യേക തരം ക്രൂരതയും ആവശ്യമാണ് എന്ന ടോണിൽ ഒരുക്കിയിരിക്കുന്ന പോസ്റ്റർ, വൈകാരികവും തീവ്രവും ഒരുപക്ഷേ ദാരുണവുമായ ഒരു യാത്രയ്ക്ക് കൂടിയാണ് ഒരുങ്ങുന്നതെന്ന സൂചനയും പ്രേക്ഷകർക്ക് നൽകുന്നു. ‘വിക്ടിം, ക്രിമിനൽ, ലെജൻഡ്’ എന്നാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്ലൈൻ. ഒരു വമ്പൻ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം ഇപ്പോൾ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇന്ന് വൈകുന്നേരം 4:05 ന് ചിത്രത്തിന്റെ ഒരു ഗ്ലിമ്പ്സ് പുറത്തു വിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ബിഗ് ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തോടെ വലിയ കാൻവാസിൽ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും. സംവിധാനം, തിരക്കഥ- ക്രിഷ് ജാഗർലമുഡി, നിർമ്മാതാക്കൾ- രാജീവ് റെഡ്ഡി, സായ് ബാബു ജാഗർലമുഡി, അവതരണം- യുവി ക്രിയേഷൻസ്, ബാനർ- ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ- നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ- ചാണക്യ റെഡ്ഡി തുരുപ്പു, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈനർ- അനിൽ- ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി