ചിയാൻ വിക്രം ചിത്രം ‘കോബ്ര’യുടെ റിലീസ് പ്രഖ്യാപിച്ചു…

പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാൻ വിക്രം നായകനാകുന്ന ‘കോബ്ര’. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്. ഏഴ് വ്യത്യസ്ത ഗെറ്റപ്പിൽ വിക്രം പ്രത്യക്ഷപ്പെടുന്ന ചിത്രം പ്രൈം വീഡിയോയിൽ ഒടിടി റിലീസ് ആയി എത്തിയ മഹാൻ എന്ന ചിത്രത്തിന് ശേഷം റിലീസിന് ഒരുങ്ങുന്ന ചിത്രമാണ്. തിയേറ്റർ റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുക ആണ് അണിയറപ്രവർത്തകർ.
ഓഗസ്റ്റ് 11ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ഒരു വിഡീയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ബിഗ് സ്ക്രീനിൽ ഒരു വിക്രം ചിത്രം എത്തുന്നത്. 2019ൽ പുറത്തിറങ്ങിയ ‘കദരം കൊണ്ടാന്’ ആയിരുന്നു താരത്തിന്റെ അവസാന തിയേറ്റർ റിലീസ് ചിത്രം. ‘കോബ്ര’ സ്പെഷ്യൽ വീഡിയോ കാണാം:
സെവൻ സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ കെജിഎഫ് നായിക ശ്രീനിധി ഷെട്ടി ആണ് ഈ വിക്രമിന്റെ നായികയായി എത്തുന്നത്. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ സിനിമാ അരങ്ങേറ്റം കൂടി ഈ ചിത്രത്തിലൂടെ യാഥാർഥ്യമാകുക ആണ്. റോഷന് മാത്യു, മിയ ജോര്‍ജ്, സർജാനോ ഖാലിദ് തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ഹരീഷ് കണ്ണന് നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഭുവന് ശ്രീനിവാസന് ആണ്. സംഘട്ടന രംഗങ്ങൾക്ക് വളരെയേറെ പ്രാധാന്യമുള്ള ചിത്രത്തിന് ആക്ഷന്‍ കൊറിയോഗ്രഫിദിലീപ് സുബ്ബരായന്‍ ഒരുക്കുന്നു.