in

ഷണ്മുഖനൊപ്പം ആഘോഷമാകാൻ തലയും പിള്ളേരും; ‘ഛോട്ടാ മുംബൈ’ റിലീസ് തീയതി പ്രഖ്യാപിച്ച് പോസ്റ്റർ പുറത്ത്…

ഷണ്മുഖനൊപ്പം ആഘോഷമാകാൻ തലയും പിള്ളേരും എത്തുന്നു; ‘ഛോട്ടാ മുംബൈ’ റിലീസ് തീയതി പ്രഖ്യാപിച്ച് പോസ്റ്റർ പുറത്ത്…

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ സമാനതകളില്ലാത്ത മുന്നേറ്റം കാഴ്ചവെക്കുകയാണ് മോഹൻലാൽ ചിത്രങ്ങൾ. ‘എമ്പുരാൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ, തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘തുടരും’ എന്ന മോഹൻലാൽ സിനിമയും പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്. മോഹൻലാൽ ചിത്രങ്ങൾക്ക് ലഭിക്കുന്ന വമ്പൻ സ്വീകാര്യതയ്ക്ക് വീണ്ടും സാക്ഷ്യം വഹിക്കുകയാണ് സിനിമാലോകം. ഈ അവസരത്തിൽ, മോഹൻലാൽ ആരാധകർക്ക് ആവേശം പകരുന്ന ഒരു വാർത്ത ഇതാ എത്തുന്നു – അൻവർ റഷീദ് സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ആക്ഷൻ കോമഡി ചിത്രം ‘ഛോട്ടാ മുംബൈ’ വീണ്ടും വെള്ളിത്തിരയിലേക്ക്!

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രം, അന്‍വര്‍ റഷീദും മോഹന്‍ലാലും ഒരുമിച്ച ഒരേയൊരു ചിത്രമാണ്. റിലീസ് സമയത്തും പില്‍ക്കാലത്തും ലാല്‍ ആരാധകര്‍ ആഘോഷിച്ച ‘ഛോട്ടാ മുംബൈ’ വീണ്ടും തിയേറ്ററുകളിൽ എത്തണമെന്ന പ്രേക്ഷകരുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഇപ്പോൾ സഫലമാകുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം, മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയേറ്ററുകളിൽ റീ റിലീസ് ചെയ്യും. പുതുതലമുറയിലെ പ്രേക്ഷകർക്കും ഈ ക്ലാസിക് ചിത്രം ബിഗ് സ്ക്രീനിൽ ആസ്വദിക്കാനുള്ള അവസരം കൂടിയാണിത്.

‘ഛോട്ടാ മുംബൈ’യുടെ അനൗൺസ്മെൻ്റ് പോസ്റ്റർ സൂപ്പർ താരം മോഹൻലാലും പ്രമുഖ സംവിധായകരായ സിബി മലയിലും തരുൺ മൂർത്തിയും ചേർന്നാണ് പുറത്തിറക്കിയത്. 18 വർഷങ്ങൾക്ക് ശേഷം 4k ദൃശ്യമികവോടെ, ഡോള്‍ബി അറ്റ്‍മോസ് ശബ്ദ സംവിധാനവുമായി ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നില് എത്തുന്നത്. കഴിഞ്ഞ വർഷം റീ റിലീസായി ഗംഭീര വിജയം നേടിയ ‘ദേവദൂതൻ’ എന്ന ചിത്രത്തിന് പിന്നാലെ, ഹൈ സ്റ്റുഡിയോസാണ് ഈ സിനിമയുടെയും 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിങ് നിർവഹിച്ചിരിക്കുന്നത്.

മലയാളത്തിലെ മികച്ച ആക്ഷൻ കോമഡി ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തുന്ന ‘ഛോട്ടാ മുംബൈ’, ഹാസ്യവും ആക്ഷനും നൃത്തവും പ്രണയവും സൗഹൃദവും ഒത്തുചേർന്ന ഒരു സമ്പൂർണ്ണ വിനോദ ചിത്രമാണ്. തല എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന വാസ്കോ ഡ ഗാമ എന്ന മോഹൻലാലിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകർ ഇന്നും ആഘോഷിക്കുന്ന നായകനാണ്. കലാഭവൻ മണി, മണിയൻ പിള്ള രാജു, രാജൻ പി. ദേവ്, വിനായകൻ, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ, മല്ലിക സുകുമാരൻ, സനുഷ തുടങ്ങി വലിയൊരു താരനിര തന്നെ മോഹൻലാലിന് ഒപ്പം ഈ ചിത്രത്തിൽ അണിനിരന്നു. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് രാഹുൽ രാജ് ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങളും അക്കാലത്ത് വലിയ ഹിറ്റുകളായിരുന്നു.

ഡി.ഓ.പി: അഴകപ്പൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, എഡിറ്റർ: ഡോൺ മാക്സ്, കലാസംവിധാനം: സുനിൽബാബു, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മുരളി, മേക്കപ്പ്: രഞ്ജിത് അമ്പാടി, അറ്റ്മോസ് മിക്സ്‌: ഹരിനാരായണൻ, ഡോൾബി അറ്റ്മോസ് മിക്സ്‌ സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, കളറിസ്റ്റ്: ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷൻ: ശ്രീപ്രിയ കമ്പയിൻസ്, ടൈറ്റിൽസ് : ശബരി ശങ്കർ (ഹൈ സ്റ്റുഡിയോസ്), മാർക്കറ്റിംഗ്: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: സുനിൽ ഗുരുവായൂർ, പബ്ലിസിറ്റി ഡിസൈൻസ്: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

നാനിയ്ക്ക് മൂന്നാമതും 100 കോടി ക്ലബ്; ‘ഹിറ്റ് 3’ കളക്ഷൻ റിപ്പോർട്ട് ഇതാ

മെഗാ ബഡ്ജറ്റിൽ ഫാൻ്റസി സൂപ്പർഹീറോ ചിത്രം; സംവിധാനം ഉണ്ണി മുകുന്ദൻ!