ഞെട്ടിച്ച റിലീസ് പ്രഖ്യാപനം; സിബിഐ 5 എത്തുക മെയ് 1 ഞായറാഴ്ച…
സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമായ സിബിഐ 5 ദ് ബ്രെയിനിന്റെ റിലീസ് പ്രഖ്യാപിച്ചു. മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കുന്ന ഈ ചിത്രം മെയ് 1ന് ആണ് തീയേറ്ററുകളിൽ എത്തുക. ഈ റിലീസ് തീയതിയ്ക്ക് ഒരു പ്രത്യേകത കൂടി ഉണ്ട്. മെയ് ദിനം എന്ന പ്രത്യേകത കൂടാതെ മെയ് ഒന്ന് ഞായറാഴ്ച ആണ് എന്നത് ആണ് മറ്റൊരു പ്രത്യേകത.
ഞായറാഴ്ച റിലീസ് പ്രഖ്യാപിച്ചത് ഒരു കൗതുകമായി മാറിയിരിക്കുക ആണ്. ഈദുൽ ഫിത്ർ അവധി ആണ് തിങ്കളാഴ്ച. അതുകൊണ്ട് ആദ്യ രണ്ട് ദിവസങ്ങളിലെ വമ്പൻ കളക്ഷൻ ലക്ഷ്യം വെച്ചാണ് ഇത്തരത്തിൽ ഒരു റിലീസ് എന്നാണ് കരുതപ്പെടുന്നത്. വർഷങ്ങൾക്ക് മുൻപ് സുരേഷ് ഗോപി നായകനായ ‘പത്രം’ ഞായറാഴ്ച റിലീസ് ചെയ്തു വമ്പൻ വിജയമായി മാറിയിരുന്നു.
സീരീസിലെ മുൻ ചിത്രങ്ങളിലെ പോലെ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ആണ് സിബിഐ 5 ദ് ബ്രയിനും ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ടീസറിനും ഒക്കെ വലിയ സ്വീകരണം ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. സേതുരാമയ്യർ സിബിഐ എന്ന ജനപ്രിയ കഥാപാത്രത്തെ മമ്മൂട്ടി ഒരിക്കൽ കൂടി അവതരിപ്പിക്കുന്നതിന്റെ എല്ലാ ആവേശവും ആരാധകരിൽ നിറയുന്നുണ്ട് എന്ന് വ്യക്തമാണ്.
സ്വർഗചിത്ര അപ്പച്ചൻ നിർമ്മിക്കുന്ന ചിത്രത്തിൽ സീരീസിലെ പ്രശസ്ത കഥാപാത്രങ്ങളായ വിക്രമായി ജഗതിയും ചാക്കോ ആയി മുകേഷും എത്തുന്നുണ്ട്. കൂടാതെ സായ്കുമാർ, സൗബിൻ ഷാഹിർ, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, സുദേവ് നായർ, ആശാ ശരത്ത്, അൻസിബ, മാളവിക നായർ, രമേശ് കോട്ടയം തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.