“കണ്ട് വളർന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങൾ, അദ്ദേഹത്തോടൊപ്പം ചിത്രം ചെയ്യണം”, ബേസിൽ ജോസഫ്
മലയാളത്തിൽ നിന്നൊരു ചിത്രത്തിന്റെ റിലീസ് ഇന്ത്യ ഒട്ടാകെ ചർച്ച ആകുക ആണ്. ബേസിൽ ജോസഫിന്റെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി ആണ് ഇന്ത്യൻ ഒട്ടാകെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. ഒടിടി റിലീസ് ആകുന്ന ഈ ടോവിനോ തോമസ് ചിത്രം പുറത്തിറക്കുന്നത് നെറ്റ്ഫ്ലിക്‌സ് ആണ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദേശീയ മാധ്യമത്തിന് ബേസിൽ ജോസഫ് നൽകിയ അഭിമുഖത്തിൽ സൂപ്പർതാരം മോഹൻലാലിനൊപ്പം ചിത്രം ചെയ്യണം എന്ന ആഗ്രഹം അദ്ദേഹം പങ്കുവെച്ചു. സൂമിന് നൽകിയ അഭിമുഖത്തിൽ ആണ് ബേസിൽ ജോസഫ് മോഹൻലാലിനെ കുറിച്ച് പറഞ്ഞത്.
“മോഹൻലാലിനൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. കുട്ടി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ ഇഷ്ടമായിരുന്നു. വളർന്ന് വന്നതും അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ എന്നിവർക്ക് ഒപ്പമുളള അദ്ദേഹത്തിന്റെ സിനിമകൾ. കരിയറിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ഇവർ. തീർച്ചയായും നടൻ എന്ന നിലയിൽ മമ്മൂട്ടിയേയും ഇഷ്ടമാണ്. ഇവർക്ക് ഒപ്പം സിനിമ ചെയ്യാനുള്ള അവസരം എപ്പോളും കിട്ടില്ല. ഞാൻ അത് ആഗ്രഹിക്കുന്നു.” – ബേസിൽ ജോസഫ് പറഞ്ഞു.