നിർമ്മാണ രംഗത്തേക്ക് ചുവടുവെച്ച് അരുൺ ഗോപി; നായകനായി അർജുൻ അശോകൻ

സംവിധായകൻ അരുൺ ഗോപി ഇനി നിർമ്മാതാവിന്റെ കുപ്പായമണിയുന്നു. അദ്ദേഹം പുതുതായി ആരംഭിച്ച ‘അരുൺ ഗോപി എക്‌സൈറ്റ്‌മെന്റ്’ എന്ന ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. യുവതാരം അർജുൻ അശോകൻ നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിഖിൽ മോഹൻ ആണ്.
തിങ്കളാഴ്ച രാവിലെ കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകളോടെയാണ് ചിത്രത്തിന് തിരിതെളിഞ്ഞത്. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പൂജാ ചടങ്ങുകളിൽ സാന്നിധ്യമറിയിച്ചു. പ്രശസ്ത നടൻ ഹരിശ്രീ അശോകൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചപ്പോൾ, ഹൈബി ഈഡൻ എം.പി ആദ്യ ക്ലാപ്പ് നൽകി. ചടങ്ങിൽ നിർമ്മാതാക്കളായ ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ്, നടി ഷീലു എബ്രഹാം, ഛായാഗ്രാഹകൻ ഷാജികുമാർ തുടങ്ങിയവരും പങ്കെടുത്തു.
സൗഹൃദത്തിന് പ്രാധാന്യം നൽകുന്ന ഒരു ഫുൾ ഫൺ എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. നാല് സുഹൃത്തുക്കളുടെ രസകരമായ കഥ പറയുന്ന ഈ ചിത്രത്തിൽ അർജുൻ അശോകനൊപ്പം ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മുൻപ് ഡിജോ ജോസി ആന്റണിയുടെ കൂടെ പ്രവർത്തിച്ച പരിചയവുമായാണ് നിഖിൽ മോഹൻ സ്വതന്ത്ര സംവിധായകനാകുന്നത്. ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ സഹരചയിതാവ് കൂടിയാണ് നിഖിൽ.
‘സുമേഷ് രമേഷ്’, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ‘ചത്താ പച്ച’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സനൂപ് തൈക്കൂടമാണ് ഈ പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കൊച്ചി, പോണ്ടിച്ചേരി, കോയമ്പത്തൂർ, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. മറ്റ് താരങ്ങളുടെ തിരഞ്ഞെടുപ്പ് പുരോഗമിച്ചുവരികയാണ്.
ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, സംഗീതം – ഇലക്ട്രോണിക്ക് കിളി, എഡിറ്റിംഗ് – സാഗർ ദാസ്, കലാസംവിധാനം- അജി കുറ്റ്യാനി, മേക്കപ്പ്- സ്വേതിൻ വി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ, പ്രൊഡക്ഷൻ മാനേജർ – വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ,
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല, സ്റ്റിൽസ് – രാംദാസ് മാത്തൂർ, പിആർഒ – ശബരി.

