കരിയറിൽ ഇത് ആദ്യം, ലാൽ ചിത്രത്തിന് സംഗീതം ഒരുക്കാൻ ജേക്ക്സ് ബിജോയ്; L360 ടീമിൻ്റെ അപ്ഡേറ്റ്…

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ തൊടുപുഴയിൽ പുരോഗമിക്കുകയാണ്. L360 എന്ന താത്കാലിക പേരിൽ ചിത്രീകരണം നടക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ്. സംവിധായകൻ തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം ശോഭനയാണ്.
ഒരു വലിയ ഇടവേളക്ക് ശേഷമാണ് മോഹൻലാൽ- ശോഭന കൂട്ടുകെട്ട് ഒന്നിക്കുന്നതെന്നതാണ് പ്രേക്ഷകരിൽ ആവേശം നിറക്കുന്നത്. മോഹൻലാൽ, ശോഭന എന്നിവരെ കൂടാതെ ബിനു പപ്പു, ഫർഹാൻ ഫാസിൽ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരൊക്കെയെന്ന് പരിചയപ്പെടുത്തുകയാണ് രജപുത്ര വിഷ്വൽ മീഡിയ. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ് ആണ്.
ആദ്യമായാണ് ഒരു മോഹൻലാൽ ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ആവേശത്തിന് ശേഷം വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് നിഷാദ് യൂസഫ് ആണ്. തല്ലുമാല, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, ഉണ്ട, കങ്കുവ എന്നിവക്ക് ശേഷം നിഷാദ് യൂസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രമാണ് L360. സാധാരണക്കാരനായ ടാക്സി ഡ്രൈവര്‍ ആയിട്ടാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിൽ വേഷമിടുന്നത്.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ഈ ചിത്രം തൊടുപുഴ, റാന്നി എന്നിവിടങ്ങളായാണ് പൂർത്തിയാവുക. ഗോകുൽ ദാസ് കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വസ്ത്രാലങ്കാരം നിർവഹിക്കുന്നത് സമീറ സനീഷ് ആണ്. പൂജ റിലീസ് ആയി L360 പ്രേക്ഷകരുടെ മുന്നിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ പ്ലാൻ.