ആറാട്ടും ഭീഷ്മപർവ്വവും ഫെബ്രുവരിയിൽ; ബോക്സ് ഓഫീസിൽ വമ്പൻ ഏറ്റുമുട്ടൽ?
അടുത്തതായി മോഹൻലാൽ – മമ്മൂട്ടി ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങൾ ആണ് ആറാട്ടും ഭീഷ്മ പർവ്വവും. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ആണ് ‘ആറാട്ട്’ ഒരുക്കുന്നത്. അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘ഭീഷ്മ പർവ്വം’.
ഈ രണ്ട് ചിത്രങ്ങളും മാസ് സിനിമകളുടെ ആരാധകരെ ലക്ഷ്യം വെച്ചുള്ള ചിത്രങ്ങൾ ആണ്. ‘ആറാട്ട്’ ആക്ഷൻ ഡ്രാമയും ‘ഭീഷ്മ പർവ്വം’ ഗാങ്സ്റ്റർ ക്രൈം ഡ്രാമയുമാണ്. ഇപ്പോളിതാ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ഈ രണ്ട് ചിത്രങ്ങളും തിയേറ്ററുകളിൽ എത്തുക ഫെബ്രുവരിയിൽ ആയിരിക്കും എന്നാണ്.
ആരാധകർ പ്രതീക്ഷിക്കുന്നത് ബോക്സ് ഓഫീസിൽ ഒരു ഏറ്റുമുട്ടൽ ആണ്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ അനുസരിച്ചു ആറാട്ടിനും ഒരു ആഴ്ച മുൻപ് ഭീഷ്മപർവ്വം എത്തും എന്നാണ്. മമ്മൂട്ടി ചിത്രം ഫെബ്രുവരി 3നും മോഹൻലാൽ ചിത്രം ഫെബ്രുവരി 10ന് ഒരു ആഴ്ച വ്യത്യാസത്തിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
ഉദായകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണ ഒരുക്കുന്ന ആറാട്ട് 18 കോടിയോളം ചിലവിൽ നിർമ്മിക്കുന്നത് സജീഷ് മഞ്ചേരിയും ആർ ഡി ഇല്ലുമിനേഷൻസും ചേർന്നാണ്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാർ, വിജയരാഘവൻ, സിദ്ദിഖ്, ഇന്ദ്രൻസ്, ജോണി ആന്റണി, ഷീല തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ. വിജയ് ഉലഗനാഥ് ഛായാഗ്രഹണം. സംഗീതം രാഹുൽ രാജ്.
ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ് ഭീഷ്മപർവ്വം തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ലെന, അനസൂയ, നാദിയ മൊയ്തു, അഞ്ജലി, ദിലീഷ് പൊത്താൻ, സൃന്ദ, അബു സലിം എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഷിൻ ശ്യാം സംഗീതം. ക്യാമറ ആനന്ദ് സി ചന്ദ്രൻ.