ഒരിക്കൽ മാത്രം സംഭവിക്കുന്ന വിസ്മയം; ‘ആടുജീവിതം’ കണ്ട് കയ്യടിച്ച് തെലുങ്ക് സൂപ്പർ ഹിറ്റ് സംവിധായകർ, വീഡിയോ…
മലയാള സിനിമയുടെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ ആടുജീവിതം മാർച്ച് 28 ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ബെന്യാമിൻ രചിച്ച ഇതേ പേരിലുള്ള പ്രശസ്തമായ നോവൽ ആസ്പദമാക്കി, പ്രശസ്ത സംവിധായകൻ ബ്ലെസി രചിച്ചു സംവിധാനം ചെയ്ത ഈ സർവൈവൽ ഡ്രാമ ചിത്രം മെഗാ ബഡ്ജറ്റിൽ ദൃശ്യ വിസ്മയമായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രെയിലർ നല്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ ഏറെ ആകാംഷയോടെയും ആവേശത്തോടെയുമാണ് സിനിമാ പ്രേമികൾ ‘ആടുജീവിതം’ കാണാൻ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ ആഗോള റിലീസിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ എത്തിയിരിക്കുകയാണ്. ഈ ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന മൈത്രി മൂവി മേക്കേഴ്സ്, തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകര്‍ക്കും മറ്റ് വിശേഷപ്പെട്ട അതിഥികള്‍ക്കുമായി നടത്തിയ പ്രത്യേക പ്രീവ്യൂ ഷോയിൽ നിന്നുള്ള പ്രതികരണങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഗച്ചിബൗളിയിലുള്ള എഎംബി സിനിമാസിൽ നടന്ന ഈ പ്രത്യേക ഷോ കണ്ട പ്രശസ്ത തെലുങ്ക് സംവിധായകരും സിനിമ പ്രവർത്തകരും പറയുന്നത് ഈ ചിത്രം ഗംഭീരമായ ഒരു സർവൈവൽ ചിത്രമാണെന്നാണ്. ദേശീയ പുരസ്‍കാരം അർഹിക്കുന്ന ചിത്രമെന്നും ഒരിക്കൽ മാത്രം സംഭവിക്കുന്ന കഥാപാത്രവും സിനിമയുമെന്നും അവർ ആട് ജീവിതത്തെ കുറിച്ചു പറയുന്നു. ഇതിലെ ഗംഭീര പ്രകടനത്തിന് പൃഥ്വിരാജ് സുകുമാരനും വലിയ പ്രശംസയാണ് നേടുന്നത്. പൃഥ്വിരാജ് സുകുമാരനൊപ്പം സംവിധായകൻ ബ്ലെസി, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, ഛായാഗ്രാഹകൻ സുനിൽ കെ എസ് തുടങ്ങി ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും വലിയ കയ്യടി നേടി. പൃഥ്വിരാജ് സുകുമാരനും ഇതിന്റെ സ്പെഷ്യൽ പ്രീമിയറിന്റെ ഭാഗമാകാൻ എത്തിയിരുന്നു.
വിഷ്വൽ റൊമാൻസ് ഇമേജ് മേക്കർസ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻസ്, അൾട്ട ഗ്ലോബൽ മീഡിയ എന്നിവയുടെ ബാനറിൽ ബ്ലെസ്സി, ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആഡംസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സൗണ്ട് ഡിസൈനിങ് നിർവഹിച്ചത് ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി, എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് എന്നിവരാണ്.
Outstanding response for the #TheGoatLife special premiere show from top directors of TFI ❤️🔥❤️🔥
— Mythri Movie Makers (@MythriOfficial) March 25, 2024
Get ready to experience THE BEST SURVIVAL TALE on the big screens 💥
Grand release on 28th March ✨
Telugu release by @MythriOfficial.#TheGoatLifeOn28thMarch #AaduJeevitham… pic.twitter.com/i4XT4VW9lK