അതിജീവനത്തിന്റെ അത്ഭുത കഥയുമായി ആടുജീവിതം; റിവ്യൂ വായിക്കാം

മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമേ ഒരു സർവൈവൽ ഡ്രാമ ത്രില്ലറിന്റെ ഫോർമാറ്റിൽ ഇവിടെ സംഭവിച്ചിട്ടുള്ളൂ. മികച്ച രീതിയിൽ കഥ പറയാൻ സാധിച്ചാൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിക്കുന്ന ഒരു സിനിമാ വിഭാഗമാണ് സർവൈവൽ ഡ്രാമ/ത്രില്ലർ. ഈ അടുത്തിടെ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന സർവൈവൽ ത്രില്ലർ ചിത്രം പ്രേക്ഷകർ സ്വീകരിച്ചതും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും മികച്ച അതിജീവന കഥ പറഞ്ഞ ആടുജീവിതം എന്ന ക്ലാസിക് നോവൽ സിനിമയായി നമ്മുടെ മുന്നിലെത്തിയിരിക്കുകയാണ്.
പ്രശസ്ത സംവിധായകൻ ബ്ലെസി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിഷ്വൽ റൊമാൻസ് ഇമേജ് മേക്കർസ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻസ്, അൾട്ട ഗ്ലോബൽ മീഡിയ എന്നിവയുടെ ബാനറിൽ ബ്ലെസ്സി, ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആഡംസ് എന്നിവർ ചേർന്നാണ്. ഏകദേശം പത്തു വർഷത്തിന് മുകളിൽ സമയമെടുത്താണ് ഈ ചിത്രം പൂർത്തിയാക്കിയത്. പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷം ചെയ്തിരിക്കുന്ന ആടുജീവിതം ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ഇതിന്റെ ദൃശ്യങ്ങളും സംഗീതവും റിലീസിന് മുൻപേ തന്നെ ട്രൈലെർ, ഗാനങ്ങൾ എന്നിവയിലൂടെ ചർച്ചയായി മാറിയിരുന്നു.
പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന നജീബ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ അതിജീവന കഥയാണ് ഈ ചിത്രം പറയുന്നത്. നാട്ടിൽ മണൽ വാരി കുടുംബം പോറ്റുന്ന നജീബ്, ആ പ്രാരാബ്ധങ്ങളിൽ നിന്നും രക്ഷപെടാൻ ഗൾഫിലേക്ക് വിമാനം കയറുന്നിടത്തു നിന്നാണ് കഥയാരംഭിക്കുന്നത്. ഗൾഫിൽ ജോലി ചെയ്ത് പണം സമ്പാദിച്ചു കൊണ്ട്, ഒരു ശോഭനമായ ഭാവി സ്വപ്നം കാണുന്ന നജീബിനെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്. ഭാഷയറിയാതെ, മരുഭൂമിയിലെ ഒരു ആട് പരിപാലന ശാലയിൽ കുടുങ്ങി പോകുന്ന നജീബ് ഫലത്തിൽ അവിടെയുള്ള അറബികളുടെ അടിമയായി മാറുന്നു. കാലം എത്ര പോയെന്നറിയാതെ അവിടെ ജീവിച്ചു മരിക്കുമെന്നുറപ്പായ ഘട്ടത്തിൽ അവിടെ നിന്ന് രക്ഷപെടാൻ നജീബ് നടത്തുന്ന ശ്രമങ്ങളും തുടർന്ന് നടക്കുന്ന അവിശ്വസനീയമായ അതിജീവന ഗാഥയുമാണ് ആട് ജീവിതം നമ്മുക്ക് മുന്നിലെത്തിക്കുന്നത്.
ഒരുപിടി ക്ലാസിക് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ബ്ലെസി എന്ന സംവിധായകൻ, ഒരിക്കൽ കൂടി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു സിനിമാനുഭവവുമായാണ് നമ്മുക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ആവേശകരവും അതിശയകരവും മനസ്സുകളെ ഉലക്കുന്നതുമായ ഒരു യഥാർത്ഥ ജീവിത കഥയുടെ ആത്മാർത്ഥമായ ആവിഷ്കാരമാണ് ഈ ചിത്രത്തിലൂടെ ബ്ലെസി നടത്തിയിരിക്കുന്നത്. പ്രധാനമായും നജീബ് എന്ന കഥാപാത്രത്തിന്റെ ഓരോ വൈകാരിക തലങ്ങളും അതിമനോഹരമായി വരച്ചിടാൻ കഴിഞ്ഞ ബ്ലെസ്സിയുടെ രചനാ മികവാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശ്കതി. ആകാംഷയും ഉദ്വേഗവും വൈകാരിക നിമിഷങ്ങളും എല്ലാം സമാസമം കോർത്തിണക്കിയ ഈ ചിത്രത്തിന്റെ പ്രധാന മികവ് ഇതിന്റെ തിരക്കഥ തന്നെയാണ് എന്നത് എടുത്തു പറയണം. അതിന് അദ്ദേഹം അന്താരാഷ്ട്ര നിലവാരമുള്ള ഒരു ദൃശ്യ ഭാഷ കൂടിയൊരുക്കിയപ്പോൾ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സർവൈവൽ ഡ്രാമയായി ആടുജീവിതം മാറിയിട്ടുണ്ട്.
ദൃശ്യവും ശബ്ദവും നിശബ്ദതയും അതി മനോഹരമായാണ് ഈ സംവിധായകൻ തന്റെ ചിത്രത്തിൽ ഉപയോഗിച്ചത്. തുടക്കം മുതൽ തന്നെ പ്രേക്ഷകനെ നജീബിന്റെ ലോകത്തേക്ക് കൊണ്ട് പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അതിന് ശേഷം ഓരോ പ്രേക്ഷകനും നജീബ് കടന്നു പോയ ജീവന്മരണ പോരാട്ടങ്ങൾ സ്വന്തം കണ്മുന്നിൽ നടന്ന പോലെ അനുഭവിക്കാൻ സാധിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മികവ്. അതിജീവന രംഗങ്ങളുടെ ആവിഷ്ക്കാരം അതിശയകരമായ സാങ്കേതിക മികവോടെയാണ് ബ്ലെസി നടത്തിയിരിക്കുന്നത്.
നജീബ് ആയുള്ള പൃഥ്വിരാജ് സുകുമാരന്റെ പ്രകടനമായിരുന്നു ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയത്. വളരെ അനായാസമായി പൃഥ്വിരാജ് സുകുമാരനെന്ന നടൻ ഈ കഥാപാത്രത്തിന് ജീവൻ നൽകിയിട്ടുണ്ട്. കഥാപാത്രത്തിന്റെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അയാൾക്കുണ്ടായ ശാരീരിക മാറ്റങ്ങളും മാനസികമായ മാറ്റങ്ങളും വൈകാരികാവസ്ഥകളും പൃഥ്വിരാജ് പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത് അത്ഭുതകരമായ രീതിയിലാണ്. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നടൻ നടത്തിയിട്ടുള്ള ഏറ്റവും മികച്ച പ്രകടനങ്ങളുടെ ലിസ്റ്റിൽ നജീബ് ആയുള്ള ഈ നടന്റെ പരകായ പ്രവേശം ഇടം പിടിക്കുമെന്ന് തീർച്ചയാണ്. പൃഥ്വിരാജ് സുകുമാരനൊപ്പം അമല പോൾ, റിക് അബി, താലിബ് മുഹമ്മദ്, ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, നാസർ കരുതെനി, ശോഭ മോഹൻ തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനം കൊണ്ട് കയ്യടി നേടി. ജിമ്മി ജീൻ ലൂയിസ്, ഗോകുൽ എന്നിവർ യഥാക്രമം ഇബ്രാഹിം ഖാദിരി, ഹക്കീം എന്നീ കഥാപാത്രങ്ങളായി നടത്തിയത് വലിയ അഭിനന്ദനം അർഹിക്കുന്ന പ്രകടനമാണ്.
സുനിൽ കെ എസ് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ കഥയെ വിശ്വസനീയമായ രീതിയിൽ പ്രേക്ഷക മനസ്സിൽ എത്തിക്കുന്നതിൽ നിർണ്ണായകമായപ്പോൾ എ ആർ റഹ്മാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും കഥയുടെ വൈകാരിക തീവ്രമായ അന്തരീക്ഷം പ്രേക്ഷകരിലേക്ക് പകർന്നു നൽകുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് മികച്ച നിലവാരം പുലർത്തിയപ്പോൾ, മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം ഒരിക്കലും പ്രേക്ഷകനെ മുഷിപ്പിച്ചില്ല എന്ന് പറയാം. സുനിൽ കെ എസ് ഒരുക്കിയ ദൃശ്യങ്ങൾ ഈ ചിത്രത്തിന് ഹോളിവുഡ് ചിത്രങ്ങളുടെ കാഴ്ചാ നിലവാരമാണ് പകർന്ന് നല്കിയിരിക്കുന്നതെന്നത് എടുത്തു പറയണം. ഗാനങ്ങൾ വൈകാരികമായി പ്രേക്ഷകനെ സ്വാധീനിക്കുന്നവയായിരുന്നു എന്നതും ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്.
ആടുജീവിതം എന്ന ചിത്രം ഇന്ത്യൻ സിനിമയുടെ യശസ്സ് ലോകത്തിനു മുന്നിലേക്ക് ഉയർത്തുന്ന ഒരു ക്ലാസിക് ആണെന്ന് നിസംശയം പറയാം . പ്രേക്ഷകരുടെ മനസ്സിൽ തട്ടുന്ന, കണ്ണ് നിറയ്ക്കുന്ന, ആകാംഷാഭരിതരാക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ നൽകുന്ന ഈ ചിത്രം ഒരിക്കലും നമ്മളെ നിരാശരാക്കില്ല എന്ന് ഉറപ്പിച്ചു പറയാം. ഒരു അനിതരസാധാരണമായ യഥാർത്ഥ ജീവിത കഥക്ക് ആദരം അർപ്പിച്ചു കൊണ്ട് ബ്ലെസി- പൃഥ്വിരാജ് ടീം ഒരുക്കിയ വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവമെന്ന് ആടുജീവിതത്തെ വിശേഷിപ്പിക്കാം.
Content Summary: Aadujeevitham Review