“എന്‍റെ സിനിമയിൽ അഭിനയിച്ചു എനിക്കൊരു ജീവിതം തന്ന പൃഥ്വി ആയിരുന്നു എന്നും ഞങ്ങളുടെ ഫസ്റ്റ് ചോയ്സ്” – ആർ എസ് വിമൽ
പൃഥ്വിരാജിനെ നായകനാക്കി എന്ന് നിന്റെ മൊയ്തീൻ ഒരുക്കി ആണ് ആർ എസ് വിമൽ സംവിധാന രംഗത്തേക്ക് എത്തിയത്. പിന്നീട് വൻ ആഘോഷമാക്കി രണ്ടാമത്തെ ചിത്രവും പൃഥ്വിരാജിനെ നായകനാക്കി തന്നെ വിമൽ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പേര് കർണ്ണൻ. പക്ഷെ ചിത്രം നീണ്ടു പോയി. നിർമാതാവ് പിന്മാറി. അവസാനം വീണ്ടും പുതിയ പ്രൊഡക്ഷൻ ടീമും ആയി കർണ്ണൻ പ്രഖ്യാപനം ഉണ്ടായപ്പോൾ ഏവരെയും ഞെട്ടിപ്പിച്ചു കൊണ്ട് പൃഥ്വിരാജിന് പകരം ന്യായകൻ ആയി എത്തുന്നത് ചിയാൻ വിക്രം. എന്തുകൊണ്ട് പൃഥ്വിരാജ് ഈ ചിത്രത്തിലില്ല എന്ന ചോദ്യത്തിന് ഉത്തരം സംവിധായകൻ ആർ എസ് വിമൽ തന്നെ വ്യക്തം ആക്കുന്നു.
“ചിത്രീകരണം നീണ്ടു പോയതോടെ പൃഥ്വിരാജ് മറ്റു ചിത്രങ്ങളുടെ തിരക്കിലായി. രണ്ടു വർഷത്തേക്ക് ഡേറ്റില്ല. ഇപ്പോൾ ആട് ജീവിതത്തിന് വേണ്ടി മെലിഞ്ഞ ശരീരം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. അതിന് ശേഷം പൃഥ്വി സംവിധായക കുപ്പായം അണിയാൻ ഒരുങ്ങി നിൽക്കുക ആണ്. എനിക്ക് പക്ഷെ കർണ്ണൻ വേഗം ചെയ്തേ മതിയാകൂ.
പൃഥ്വിരാജ് അല്ലെങ്കിൽ ആരു നായകൻ എന്ന കാര്യത്തിൽ അധികം ആലോചന ഉണ്ടായില്ല. വിക്രത്തെ നേരിട്ട് കണ്ടു കഥ പറഞ്ഞു. മൂന്നു തവണ സ്ക്രിപ്റ്റ് വായിച്ച ശേഷമാണ് അദ്ദേഹം യെസ് പറഞ്ഞത്” – വിമൽ പറഞ്ഞു
പൃഥ്വിരാജിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ഓൾ ദി ബെസ്റ്റ് എന്നാണ് പറഞ്ഞത് എന്നും വിമൽ പറയുന്നു.
തുടർന്ന് വിമൽ പറയുന്നു: “ജീവിക്കാൻ ഗതിയില്ലാതെ നടന്ന കാലത്ത് എന്റെ സിനിമയിൽ അഭിനയിച്ച് എനിക്കൊരു ജീവിതം തന്നയാളാണ് പൃഥ്വി. അദ്ദേഹം ആയിരുന്നു എന്നും ഞങ്ങളുടെ ആദ്യ ചോയ്സ്. എന്നാൽ കാലവും സമയവും അതിന് അനുവദിച്ചില്ല.”
ആർ എസ് വിമൽ – വിക്രം ടീമിന്റെ ചിത്രത്തിന്റെ പേര് മഹാവീർ കർണ്ണൻ എന്നാണ്. ഹോളിവുഡ് – ബോളിവുഡ് സിനിമകളിൽ നിന്നുള്ളവർ ആയിരിക്കും ഈ ചിത്രത്തിന്റെ ടെക്‌നിഷീന്യന്മാർ. ഹിന്ദി തമിഴ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളം ഉൾപ്പെടെ 42 ഭാഷകളിലേക്കാണ് മൊഴിമാറ്റുന്നത്. 2019 ഡിസംബറിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ എന്നും വിമൽ പറയുന്നു.