പൃഥ്വിരാജ് ശാസ്ത്രജ്ഞൻ ആയി എത്തുന്ന ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നു?
യുവ സൂപ്പർ താരം പൃഥ്വിരാജ് ഇനി ചെയ്യാൻ പോകുന്നതെല്ലാം തന്‍റെ കരിയറിലെ വമ്പൻ പ്രൊജക്റ്റുകള്‍ ആണ്. ബ്ലെസി ഒരുക്കുന്ന ആട് ജീവിതത്തിൽ ജോയിൻ ചെയ്ത പൃഥ്വി അതിന്‍റെ ആദ്യ ഷെഡ്യൂൾ തീർത്ത ശേഷം തന്‍റെ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രമായ ലൂസിഫർ ചെയ്യും. ലൂസിഫറിന്‍റെ ആദ്യ ഷെഡ്യൂളിന് ശേഷം വീണ്ടും ആട് ജീവിതത്തിൽ ജോയിൻ ചെയ്യുന്ന പൃഥ്വി ആ രണ്ടാംഷെഡ്യൂളിന് ശേഷം ആവും ലൂസിഫർ തീർക്കുക. പിന്നീട് ആട് ജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ പൃഥ്വി അടുത്ത ചിത്രം ചെയ്യൂ എന്നാണ് വാർത്തകൾ.
അതിന് ശേഷം കാളിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രമായിരിക്കും പൃഥ്വി ചെയ്യുക. നവാഗതനായ മഹേഷ് ആയിരിക്കും ഈ ചിത്രം ഒരുക്കുക. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം പൃഥ്വി നായകനായി എത്തുന്ന മറ്റൊരു വമ്പൻ ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. 100 ഡേയ്സ് ഓഫ് ലവ് എന്ന ദുൽകർ സൽമാൻ- നിത്യ മേനോൻ ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറിയ ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരിക്കും അത്. ഒരു ശാസ്ത്രജ്ഞനായി പൃഥ്വി അഭിനയിക്കുന്ന ഈ ചിത്രം സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും എന്നാണ് സൂചന. പ്രശസ്ത സംവിധായകൻ കമലിന്‍റെ മകൻ ആണ് ജെനുസ് മുഹമ്മദ്.
പൃഥ്വിരാജ് തന്നെ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഓഗസ്റ്റ് സിനിമാസിൽ നിന്ന് പടിയിറങ്ങിയതിന് ശേഷം പൃഥ്വി നിർമ്മിക്കാൻ പോകുന്ന ആദ്യ ചിത്രമായിരിക്കും ഇതെന്നാണ് വാർത്തകൾ വരുന്നത്. നിത്യ മേനോൻ, പാർവതി എന്നിവർ ഈ ചിത്രത്തിൽ നായികാ വേഷങ്ങളിൽ എത്തുമെന്നും സൂചനകൾ ഉണ്ട്. നയൻ എന്നാണ് ഈ ചിത്രത്തിന്‍റെ ടൈറ്റിൽ എന്നാണ് സ്ഥിതീകരിക്കാത്ത വിവരം. ചിത്രത്തിന്‍റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഉടനെ വരും എന്നും, ആട് ജീവിതത്തിന്‍റെ ആദ്യ ഷെഡ്യൂൾ വേഗം തീർത്തിട്ട് ലൂസിഫറിന് മുൻപേ ഈ ചിത്രം തുടങ്ങും എന്നും റിപ്പോർട്ടുകൾ പറയുന്നു.
വായിക്കാം: ‘കാളിയൻ’: ഇതാണ് പൃഥ്വിരാജിന്‍റെ ആ ബ്രഹ്മാണ്ട ചിത്രം!