ആ റെക്കോർഡ് പട്ടികയിൽ ലാലേട്ടനും വിജയ്ക്കും രജിനിക്കും ഒപ്പം ഇനി ഹാഷിറും ടീമും; ‘വാഴ 2’ പുതിയ ചരിത്രത്തിലേക്ക്!

കേരള ബോക്സ് ഓഫീസിൽ മിന്നും പ്രകടനാവുമായി ‘വാഴ 2’ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് കേവലം നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 65 കോടി രൂപ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് മാത്രം 26 കോടിയിലധികം രൂപ ചിത്രം ഇതിനോടകം കരസ്ഥമാക്കി കഴിഞ്ഞു. ഒരു ചെറിയ ചിത്രം ഇത്രയും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത് മലയാള സിനിമയിൽ അത്യപൂർവ്വമായ കാഴ്ചയാണ്.
ഒരു ദിവസം കേരളത്തിൽ നിന്ന് മാത്രം 8 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന ചുരുക്കം ചില ചിത്രങ്ങളുടെ പട്ടികയിലേക്ക് ഇപ്പോൾ ‘വാഴ 2’-ഉം ഇടംപിടിച്ചിരിക്കുകയാണ്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളിലൂടെ മോഹൻലാൽ 7 തവണ ഈ നേട്ടം സ്വന്തമാക്കിയപ്പോൾ, ലിയോയിലൂടെ വിജയ്, കൂലിയിലൂടെ രജനികാന്ത് എന്നിവരും ഓരോ തവണ വീതം ഈ നേട്ടം സ്വന്തമാക്കി.
സൂപ്പർതാര ചിത്രങ്ങൾ മാത്രം അടങ്ങുന്ന ഈ എലൈറ്റ് ക്ലബ്ബിലേക്കാണ് ഹാഷിറും സംഘവും തങ്ങളുടെ ആദ്യ ചിത്രത്തിലൂടെ തന്നെ ശക്തമായ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത നാലാം ദിനമാണ് ‘വാഴ 2’ ഈ നേട്ടം കൈവരിച്ചത്. ഇതോടെ സൂപ്പർതാര ചിത്രങ്ങൾക്കൊപ്പം ബോക്സ് ഓഫീസിൽ മാറ്റുരയ്ക്കാൻ തങ്ങൾക്കും സാധിക്കുമെന്ന് ഈ യുവനിര തെളിയിച്ചിരിക്കുകയാണ്.
സോഷ്യൽ മീഡിയ സെൻസേഷൻ ഹാഷിറും സംഘവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം യുവാക്കൾക്കിടയിലും കുടുംബപ്രേക്ഷകർക്കിടയിലും ഒരുപോലെ തരംഗമായി മാറി. നർമ്മത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും കളക്ഷനിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മലയാള സിനിമയിലെ ഈ പുതിയ ‘ബോക്സ് ഓഫീസ് വിപ്ലവം’ സിനിമാ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. വിപിൻ ദാസിന്റെ രചനയിൽ നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു കുട്ടൻ, സുധീഷ്, അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.


