“നടന വിസ്മയവുമായി ആദ്യമായി ഒന്നിച്ചപ്പോൾ നിങ്ങൾ നൽകിയത് വിസ്മയ വിജയം”

സൂപ്പർതാരം മോഹൻലാലും സംവിധായകൻ ഷാജി കൈലാസും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ‘ആറാംതമ്പുരാൻ’. 1997ൽ ഡിസംബറിൽ ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളിൽ വൻ ആവേശം തീർത്ത് മലയാളത്തിന്റെ എക്കാലത്തെയും വലിയ വിജയമായി മാറിയിരുന്നു. റിലീസായി ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാകുമ്പോൾ ആ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുക ആണ് ഷാജി കൈലാസ്.
അദ്ദേഹം കുറിച്ചത് ഇങ്ങനെ: “നടന വിസ്മയവുമായി ആദ്യമായി ഒന്നിച്ചപ്പോൾ നിങ്ങൾ നൽകിയത് വിസ്മയ വിജയം. വീണ്ടുമൊരു ക്രിസ്‌മസ് കാലത്തിൽ ആ ഓർമകളുടെ രജത ജൂബിലി. ആറാം തമ്പുരാന്റെ 25 വർഷങ്ങൾ”. ആറാംതമ്പുരാന്റെ റിലീസ് പോസ്റ്ററും ഷാജി കൈലാസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിൽ പങ്കുവെച്ചു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരുക്കിയ ആറാംതമ്പുരാൻ നിർമ്മിച്ചത് രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാറും സനൽ കുമാറും ചേർന്നായിരുന്നു. മഞ്ജു വാര്യർ ആയിരുന്നു ചിത്രത്തിലെ നായിക.