പ്രണയദിനത്തിൽ നസ്‍ലിനും മാത്യുവും ഒന്നിക്കുന്ന ’18+’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്…
ജോ ആൻഡ് ജോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ അരുൺ ഡി ജോസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് 18 പ്ലസ്. ആദ്യ ചിത്രത്തിലെ പോലെ നസ്‍ലിൻ, മാത്യു തോമസ്, നിഖില വിമൽ എന്നിവർ തന്നെയാണ് ഈ ചിത്രത്തിലെയും പ്രധാന താരങ്ങൾ. വാലന്റൈൻ ദിനത്തിൽ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്.
ഒരു സബ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ മാലയിട്ട് നിൽക്കുന്ന നസ്‍ലിനെയും മാത്യു തോമസിനെയും ഒപ്പം കുറച്ച് കൂട്ടുകാരെയും ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുക. സ്വവർഗ പ്രണയവും വിവാഹവും എന്ന പ്രതീതി പോസ്റ്റർ സൃഷ്ടിക്കുന്നുണ്ടെങ്കിലും ‘ഇതതല്ല’ എന്ന ക്യാപ്ഷൻ നൽകിയാണ് സംവിധായകൻ അരുൺ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ജേർണി ഓഫ് ലവ് എന്ന ടാഗ് ലൈൻ ആയി പോസ്റ്ററിൽ നൽകിയിരിക്കുന്നത്. പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. പോസ്റ്റർ:
ഫലൂദ എന്റർടൈന്മെന്റ്സ്, റീൽസ് മാജിക് എന്നീ ബാനറുകളിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബിനു പപ്പു, മനോജ് കെ യു, ശ്യാം മോഹൻ, സാഫ് ബ്രോസ്, മീനാക്ഷി, കുമാർ സുനിൽ, പ്രിയ, ഉണ്ണിരാജ, ബാബു അന്നൂർ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ്. ക്രിസ്റ്റോ സേവ്യർ ആണ് സംഗീത സംവിധാനം.