ഊഹാപോഹങ്ങൾക്ക് അന്ത്യം, മലയാളത്തിന്റെ ‘എമ്പുരാനു’മായി ലൈക്ക പ്രൊഡക്ഷൻസ് എത്തും!

മലയാളത്തിന്റെ മെഗാതാരം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കുന്നത്.
നൂറ് ദിവസത്തിലധികം ചിത്രീകരണം പിന്നിട്ട ഈ ചിത്രത്തിന്റെ ഗുജറാത്ത് ഷെഡ്യൂൾ, ഹൈദരാബാദ് ഷെഡ്യൂൾ എന്നിവ പൂർത്തിയാക്കിയ ചിത്രീകരണ സംഘം ഇനി എത്തുന്നത് തിരുവനന്തപുരത്തേക്കാണ്. ഇത് കൂടാതെ അബുദാബി, വണ്ടിപ്പെരിയാർ, മുംബൈ, മറ്റൊരു വിദേശ ലൊക്കേഷൻ എന്നിവിടങ്ങളിലും ചിത്രീകരണം ബാക്കിയുണ്ടെന്നാണ് സൂചന. അതിനിടയിലാണ് ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്ന് ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി എന്നുള്ള തരത്തിലൊരു വാർത്ത ഇന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
അടുത്തിടെ അവർ തമിഴിൽ നിർമ്മിച്ച ചില വമ്പൻ ചിത്രങ്ങൾക്കുണ്ടായ പരാജയങ്ങൾ മൂലമാണ് അവർ പിന്മാറിയതെന്നും വാർത്തകൾ പരന്നു. എന്നാലിപ്പോഴിതാ, ഊഹാപോഹങ്ങൾക്ക് അന്ത്യം കുറിച്ച് കൊണ്ട് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയായി എന്നും, ഇനി തിരുവനന്തപുരത്തേക്ക് തിരിക്കുകയാണെന്നുമുള്ള കുറിപ്പോടെ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു ഷൂട്ടിംഗ് സ്റ്റിലിനൊപ്പം പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കു വെച്ചു.
ആ പോസ്റ്റിൽ ആശീർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസിനെ കൂടി പൃഥ്വിരാജ് പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ലൈക്ക പ്രൊഡക്ഷൻസ് ഈ പോസ്റ്റ് റീ- ട്വീറ്റ് ചെയ്യുകയും ചെയ്തു. അതോടു കൂടി അവർ ഈ ചിത്രത്തിൽ നിന്ന് പിന്മാറി എന്ന വാർത്തകൾക്കും അന്ത്യമായിരിക്കുകയാണ്. ഒരു വമ്പൻ സൗത്ത് ഇന്ത്യൻ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്ന് ഒരു വലിയ പ്രൊഡക്ഷൻ കമ്പനി പിന്മാറിയേക്കും എന്ന തരത്തിൽ വന്ന വാർത്തയിൽ നിന്നാണ്, എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറി എന്ന നിലയിലേക്ക് അത് വളച്ചൊടിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ പൃഥ്വിരാജ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
#L2E #Empuraan @Mohanlal @PrithviOfficial @aashirvadcine https://t.co/buInhC4TjO
— Lyca Productions (@LycaProductions) October 7, 2024