പാലേരി മാണിക്യത്തിന് ശേഷം ഒരു വടക്കൻ വീരഗാഥ റീ റിലീസുമായി മമ്മൂട്ടി; ടീസർ കാണാം

അടുത്തിടെയാണ് മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കിയ പലേരി മാണിക്യം എന്ന ചിത്രം റീ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. 2009 ൽ റിലീസ് ചെയ്ത ഈ ചിത്രം 4K അറ്റ്മോസിലാണ് റീ റിലീസ് ചെയ്തത്. അതിനു പിന്നാലെ ഇപ്പോഴിതാ മറ്റൊരു മമ്മൂട്ടി ക്ലാസിക് ആയ ഒരു വടക്കൻ വീരഗാഥയും റീ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. മലയാള സിനിമക്കും മമ്മൂട്ടി എന്ന നടന് വ്യക്തിപരമായും ഏറെ നേട്ടങ്ങൾ സമ്മാനിച്ച ചിത്രമാണിത്.
എം ടി വാസുദേവൻ നായർ രചിച്ച് ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റീ റിലീസ് ടീസർ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അതിനു മുൻപായി റീ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് ആശംസകൾ അറിയിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ ഒരു വീഡിയോ സന്ദേശവും പുറത്ത് വന്നിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമിച്ച്, 1989 ൽ റിലീസ് ചെയ്ത ഈ സിനിമ വീണ്ടും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ചാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നതെന്ന് മമ്മൂട്ടിയറിയിച്ചു.
വടക്കൻ വീരഗാഥ 4 കെ അറ്റ്‌മോസിൽ റിലീസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് ഇതിന്റെ നിർമ്മാതാവായ പി വി ഗംഗാധരനെന്നും, തങ്ങൾ അതിനെ കുറിച്ച് ഏറെ സംസാരിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി. എന്നാൽ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അതിനു സാധിക്കാതെ പോയെങ്കിലും, ഇപ്പോൾ അദ്ദേഹത്തിന്റെ മക്കൾ അത് സാധ്യമാക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
35 വർഷങ്ങൾക്ക് ശേഷം ഈ ചിത്രം വീണ്ടും റിലീസ് ചെയ്യുമ്പോൾ, പണ്ട് കണ്ടവർക്ക് വീണ്ടുമൊരിക്കൽ കൂടി കാണാനും, ആദ്യമായി കാണുന്നവർക്കു പുതിയ ദൃശ്യ, ശബ്ദ മികവോടെ ആസ്വദിക്കാനും സാധിക്കുന്ന തരത്തിലാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് പുതിയ പ്രിന്റ് എത്തിക്കുന്നതെന്നും മമ്മൂട്ടി വിശദീകരിച്ചു. വടക്കൻ പാട്ടുകളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം, മാധവി, ബാലൻ കെ. നായർ, സുരേഷ് ഗോപി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്. ഇതിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു.