പേര് പഴം, ജോലി ഫുഡ് ഡെലിവറി; കോമഡി ട്രാക്കിലേക്ക് വീണ്ടും ധനുഷ്; ‘തിരുച്ചിത്രമ്പലം’ ട്രെയിലർ…
നിരവധി പ്രത്യേകതകളുമായി ആണ് ധനുഷിന്റെ പുതിയ ചിത്രം ‘തിരുച്ചിത്രമ്പലം’ എത്തുന്നത്. യാരടി നീ മോഹിനി, കുട്ടി, ഉത്തമപുത്തിരൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ മിത്രൻ ജവഹറുമായി ധനുഷ് ഒന്നിക്കുന്ന ചിത്രം ആണിത്. കൂടാതെ, ഡിഎൻഎ എന്ന പേരിൽ ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്ന ധനുഷ് – അനിരുദ്ധ് കൂട്ട്കെട്ട് ആറ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. ഒരിടവേളയ്ക്ക് ശേഷം കോമഡി ട്രാക്കിലേക്ക് ധനുഷ് തിരികെ എത്തുന്ന ചിത്രം എന്ന നിലയിലും ആരാധകർക്ക് പ്രതീക്ഷയുണ്ട് ഈ ചിത്രത്തിൽ. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയിരിക്കുക ആണ്.
2 മിനിറ്റ് 11 സെക്കന്റ് ദൈർഘ്യമുണ്ട് ട്രെയിലറിന്. ‘പഴം’ എന്ന വിളിപ്പേരുള്ള ഒരു ഡെലിവറി ബോയുടെ വേഷത്തിൽ ആണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. ധനുഷിന്റെ ഹിറ്റ് ചിത്രം വേലയില്ല പട്ടധാരിയെ ആനുസ്മരിപ്പിച്ച് ആണ് പുതിയ ചിത്രത്തിന്റെ ട്രെയിലർ എത്തിയിരിക്കുന്നത്. അച്ഛനുമായി അത്ര രസത്തിൽ അല്ലാത്ത മകനായും മുത്തച്ഛനുമായി വലിയ ജോളിയാകുന്ന കൊച്ചുമോൻ ആയും ആണ് ധനുഷിനെ ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലർ കാണാം:
ബാല്യ കാലം മുതലുള്ള കൂട്ടുകാരിയുടെ വേഷത്തിൽ നിത്യ മേനോൻ എത്തുന്നു. ഒരു പ്രണയം തേടിയുള്ള യാത്രയിൽ ആണ് ധനുഷിന്റെ കഥാപാത്രം എന്ന് ട്രെയിലറിൽ നിന്ന് വ്യക്തം. ഉപദേശങ്ങളും സഹായവുമായി കൂട്ടുകാരി കൂടെ ഉണ്ട്. പ്രിയ ഭവാനി ശങ്കറും രാശി ഖന്നയും ആണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇരുവരും ധനുഷിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന സ്ത്രീകഥാപാത്രങ്ങൾ ആണ്. ധനുഷിൽ നിന്നൊരു മികച്ച കോമഡി ചിത്രത്തിനുള്ള പ്രതീക്ഷകൾ തന്നെയാണ് ട്രെയിലർ നൽകുന്നത്.
പ്രകാശ് രാജ് ആണ് ധനുഷിന്റെ അച്ഛനായി ചിത്രത്തിൽ വേഷമിടുന്നത്. ഭാരതിരാജ ആണ് മുത്തച്ഛന്റെ വേഷത്തിൽ എത്തുന്നത്. ഓം പ്രകാശ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രത്തിന് സംഘടനം ഒരുക്കിയത് സ്റ്റണ്ട് സിൽവ ആണ്. ജികെ പ്രസന്ന ആണ് എഡിറ്റർ. ചിത്രം ഓഗസ്റ്റ് 18ന് തീയേറ്ററുകളിൽ എത്തും.