ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ തലൈവർ അവതരിക്കുമോ? ലോകേഷ് – രജനികാന്ത് ചിത്രം പ്രഖ്യാപിച്ചു…

‘ജയിലർ’ എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയ സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. തലൈവർ 171 എന്ന താൽകാലിക പേരിൽ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പ്രഖ്യാപിച്ച ഈ ചിത്രം ലോകേഷ് കനഗരാജ് ആണ് സംവിധാനം ചെയ്യുക. അനിരുദ്ധ് രവിചന്ദ്രൻ ഈ ചിത്രത്തിന് സംഗീതം ഒരുക്കും. അൻമ്പറിവ് ടീം ആണ് ചിത്രത്തിനായി ആക്ഷൻ ഒരുക്കുക.
തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹൈപ്പ് ഈ ചിത്രം സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. കമൽ ഹാസനെ നായകനാക്കി വിക്രം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു ലോകേഷിൻ്റെ സംവിധാനത്തിൽ റിലീസ് ചെയ്ത അവസാന ചിത്രം. ഇതിന് ശേഷം ലോകേഷ് സംവിധാനം ചെയ്ത ദളപതി വിജയ് ചിത്രം ലിയോ അടുത്ത മാസം തിയേറ്റർ റിലീസിന് തയ്യാറാകുകയും ചെയ്യുകയാണ്. ഈ ചിത്രം കൂടി വിജയിച്ചാൽ രജനികാന്ത് – ലോകേഷ് കനഗരാജ് ചിത്രത്തിലുള്ള പ്രതീക്ഷ വളരെയധികം ഉയരും.
We are happy to announce Superstar @rajinikanth’s #Thalaivar171
Written & Directed by @Dir_Lokesh
An @anirudhofficial musical
Action by @anbariv pic.twitter.com/fNGCUZq1xi— Sun Pictures (@sunpictures) September 11, 2023
ലോകേഷ് മുൻപ് സംവിധാനം ചെയ്ത കൈതി, വിക്രം എന്നീ ചിത്രങ്ങൾ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (എൽ സി യു) ഭാഗങ്ങൾ ആയിരുന്നു. ലിയോ എന്ന പുതിയ ചിത്രവും എൽ സി യു ചിത്രമാണോ അതോ സ്റ്റാൻഡ് എലോൺ ചിത്രമാണോ എന്നതിൻ്റെ സ്ഥിരീകരണം ഇത് വരെയും വന്നിട്ടുമില്ല. ഇന്ന് പ്രഖ്യാപിച്ച രജനികാന്ത് ചിത്രത്തിൻ്റെ കാര്യത്തിലും ഈ ചോദ്യം തന്നെ ഉയരും. ലോകേഷ് – രജനികാന്ത് ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.