മാസ് ലുക്കിൽ സുരേഷ് ഗോപി; ‘ഒറ്റക്കൊമ്പൻ’ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു…

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന “ഒറ്റക്കൊമ്പൻ” എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണത്തിന് തുടക്കമായി. തിങ്കളാഴ്ച തൊടുപുഴയിലെ അറക്കുളം ശ്രീധർമ്മശാസ്താ, ശ്രീ മഹാദേവ ക്ഷേത്രത്തിൽ വെച്ച് സുരേഷ് ഗോപിയും മറ്റു അഭിനേതാക്കളും പങ്കെടുത്ത രംഗങ്ങൾ ചിത്രീകരിച്ചു. ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന ആദ്യ ഘട്ട ചിത്രീകരണത്തിന് ശേഷം, സുരേഷ് ഗോപിയുടെ തിരക്കുകൾക്ക് വിരാമമിട്ട് സിനിമയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.
തൊടുപുഴ, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് അണിയറ പ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്. അതിനുശേഷം മലേഷ്യയിലും മക്കൗവിലുമായി ചിത്രീകരണം ഉണ്ടാകും. കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള സുരേഷ് ഗോപിയുടെ തിരക്കുകൾക്കിടയിൽ ലഭ്യമാകുന്ന ഡേറ്റിനനുസരിച്ച് എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു. വലിയ മുതൽമുടക്കിൽ വലിയ ജനപങ്കാളിത്തത്തോടെ, ഒരു മാസ് ചിത്രമായിട്ടാണ് “ഒറ്റക്കൊമ്പൻ” പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.
കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ബോളിവുഡിലെ ഒരു പ്രശസ്ത നടിയായിരിക്കും ഈ ചിത്രത്തിലെ നായിക.
ക്രൂ: രചന- ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- ഷഫീക് വി ബി, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്റ്റേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – പ്രേംലാൽ പട്ടാഴി, പിആർഒ – വാഴൂർ ജോസ്, ശബരി.